ന്യൂഡൽഹി: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനും വിമത എംഎൽഎമാർക്കുമെതിരെ സംസ്ഥാന നിയമസഭാ സ്പീക്കർ നൽകിയ അയോഗ്യത നോട്ടീസ് സംബന്ധിച്ച് രാജസ്ഥാൻ ഹൈക്കോടതിയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ബി. ആർ. ഗവായി, ജസ്റ്റിസ് കൃഷ്ണ മുറാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ നടക്കുന്ന നടപടികളിൽ ഇടപെടാൻ വിസമ്മതിച്ചു. രാജസ്ഥാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന നിയമസഭാ സ്പീക്കർ സി.പി. ജോഷി സമർപ്പിച്ച എസ്എൽപി വാദം കേട്ട ബെഞ്ച്, ഹൈക്കോടതി ഉത്തരവ് അന്തിമ വിധിയിൽ പ്രതിഫലിക്കുമെന്നും അറിയിച്ചു.
അയോഗ്യത നോട്ടീസ്; രാജസ്ഥാൻ ഹൈക്കോടതിയ്ക്ക് ഉത്തരവ് പുറപ്പെടുവിക്കാമെന്ന് സുപ്രീംകോടതി - Rajasthan HC
ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ബി. ആർ. ഗവായി, ജസ്റ്റിസ് കൃഷ്ണ മുറാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ നടക്കുന്ന നടപടികളിൽ ഇടപെടാൻ വിസമ്മതിച്ചു.
സ്പീക്കർ നടപടികൾ രണ്ടുതവണ സ്വമേധയ മാറ്റി വച്ചിട്ടുണ്ട്. മുമ്പ് മാറ്റിവയ്ക്കാൻ സ്പീക്കറിന് കഴിയുമെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന് 24 മണിക്കൂർ കൂടി കാത്തിരിക്കാനാവില്ലെന്ന് സച്ചിൻ പൈലറ്റിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി ചോദിച്ചു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയും പൈലറ്റിനും മറ്റ് എംഎൽഎമാർക്കും വേണ്ടി ഹാജരായിരുന്നു. അധികാരപരിധി, പരിപാലനം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ ഹൈക്കോടതിയുടെ മുമ്പാകെ വാദിക്കപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരായി വാദങ്ങൾ ഉന്നയിച്ച ശേഷം സ്പീക്കർ ഇപ്പോൾ ഹൈക്കോടതിയോട് തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും സാൽവേ ചോദിച്ചു.
അതേസമയം, എംഎൽഎമാർക്ക് അയോഗ്യത നോട്ടീസുകളിൽ മറുപടി സമർപ്പിക്കാൻ സമയം നീട്ടിനൽകാൻ സ്പീക്കറെ നിർദേശിക്കാൻ ഹൈകോടതിക്ക് കഴിയില്ലെന്ന് സ്പീക്കർ സി. പി. ജോഷിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. എന്നാൽ ഇവ ജനാധിപത്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.