ജയ്‌പൂർ:രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അയോഗ്യത മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി നിയമസഭ സ്‌പീക്കർ നല്‍കിയ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് നല്‍കിയ ഹർജിയില്‍ വാദം കേൾക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ പുതിയ ഹർജി സമർപ്പിക്കാനും കോടതി നിർദേശം. സ്‌പീക്കർ നല്‍കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റും 18 എംഎല്‍എമാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
സച്ചിന്‍റെ ഹർജി പരിഗണിക്കുന്നത് രാജസ്ഥാൻ ഹൈക്കോടതി മാറ്റി - rajasthan congress controversy
ഹർജി ഭേദഗതി ചെയ്യാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാല്‍വേ കോടതിയില്‍ സമയം തേടിയതോടെയാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഹർജി പരിഗണിച്ചത്. ഹർജി ഭേദഗതി ചെയ്യാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാല്‍വേ കോടതിയില്‍ സമയം തേടിയിരുന്നു. നോട്ടീസിന്‍റെ സാധുതയെ എംഎല്‍എമാർ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇത് പുതുതായി ഫയല്‍ ചെയ്യാൻ സമയം ആവശ്യമാണെന്നും ആയിരുന്നു സാല്‍വെ വാദിച്ചത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോൺഗ്രസ് നിമയസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടർന്നാണ് സ്‌പീക്കർ സി.പി ജോഷി സച്ചിൻ പൈലറ്റ് അടക്കമുള്ള 19 എംഎല്‍എമാർക്ക് അയോഗ്യത മുന്നറിയിപ്പ് നല്‍കി നോട്ടീസ് അയച്ചത്. നോട്ടീസിന് വെള്ളിയാഴ്ചക്കകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.