ജയ്‌പൂർ: രാജസ്ഥാൻ പ്രതിസന്ധിയിൽ കോൺഗ്രസിനെപ്പറ്റി ആശങ്കയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. സർക്കാരിരെ അട്ടിമറിക്കാൻ ബിജെപി ശ്രമം നടത്തുന്നുവെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ടിന്‍റെ പ്രസ്‌താവനയെ തുടർന്നാണ് കപിൽ സിബലിന്‍റെ പ്രതികരണം. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവും കപിൽ സിബൽ ട്വിറ്ററിൽ പങ്കുവെച്ചു.
രാജസ്ഥാനിലെ കോൺഗ്രസിനെപ്പറ്റി ആശങ്കയുണ്ടെന്ന് കപിൽ സിബൽ - രാജസ്ഥാൻ പ്രതിസന്ധി
പാർട്ടിയെപ്പറ്റി ആശങ്കയുണ്ടെന്നും കേന്ദ്ര നേതൃത്വം വിഷയത്തിൽ എപ്പോഴാണ് ഇടപെടുക എന്നതിനെ ചോദ്യം ചെയ്‌തുമാണ് ട്വിറ്ററിലൂടെ കപിൽ സിബൽ പ്രതികരിച്ചത്.
ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും മുഖ്യമന്ത്രിയായ അശോക് ഖെലോട്ടുമായി സ്വരചേർച്ചയില്ലായ്‌മ ആരംഭിച്ചതിനെ തുടർന്നാണ് രാജസ്ഥാനിൽ കോൺഗ്രസിൽ പ്രതിസന്ധി രൂപപ്പെട്ടത്. എംഎൽഎന്മാരെ വേട്ടയാടുന്നുവെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന പൊലീസ് സച്ചിൻ പൈലറ്റിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇരു നേതാക്കളും തമ്മിൽ അസ്വാരസ്യം ആരംഭിച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
കേസിൽ ഇരുനേതാക്കന്മാരും മൊഴി രേഖപ്പെടുത്തണമെന്ന് പൊലീസ് ഉത്തരവിട്ടിരുന്നു. ഖെലോട്ട് സർക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് പേരെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.