മോദി സേന പരാമര്‍ശം: രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി
ഏപ്രില്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം
സൈന്യത്തെ മോദിയുടെ സേനയെന്ന് വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. യോഗി പറയുന്നത് സൈന്യം മോദിയുടെ സേനയെന്നാണ്. യോഗിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ആരെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അവര്‍ രാജ്യദ്രോഹികള്‍ ആകും. രാജ്യത്തെ ജനങ്ങള്‍ സൈന്യത്തിന്‍റെ ധീരതയില്‍ അഭിമാനിക്കുന്നു. പക്ഷേ ഇതാദ്യമായാണ് സൈന്യത്തിന്‍റെ സേവനം രാഷ്ട്രീയവല്‍ക്കരിക്കുന്നതെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഏപ്രില്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യോഗിയുടെ വിവാദ പരാമര്‍ശം. പിന്നീട് യോഗി ആദിത്യനാഥിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ജാഗ്രത കാണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.