ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 40 കിലോമീറ്റര്‍ - ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 40 കിലോമീറ്റര്‍; ഒഴിവായത് വൻ അപകടം
പുതിയ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിൻ ട്രാക്കിന്‍റെ ചരിവ് കാരണം ലോക്കോ പൈലറ്റ് ഇല്ലാതെ തന്നെ നീങ്ങുകയായിരുന്നു.
ജയ്‌പൂര്‍: ജയ്‌പൂർ- അഹമ്മദാബാദ് റെയിൽവേ പാതയില്‍ ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 40 കിലോമീറ്റര്‍. ചൊവ്വാഴ്ച്ചയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കുള്ള കോൺക്രീറ്റുമായി പോയ ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ രാജസ്ഥാനിലെ ചന്ദാവല്‍ സ്റ്റേഷനില്‍ എത്തിയത്. ട്രാക്കിൽ കമ്പുകളും കല്ലുകളും സ്ഥാപിച്ചാണ് ട്രെയിൻ നിർത്തിയത്. വൻ അപകടമാണ് റെയില്‍വെയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത്. ഗുഡിയയിലേക്കുള്ള സെന്ദ്ര ലൈനിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. പുതിയ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിൻ ട്രാക്കിന്‍റെ ചരിവ് കാരണം ലോക്കോ പൈലറ്റ് ഇല്ലാതെ തന്നെ നീങ്ങുകയായിരുന്നു. ഗുഡിയയിലെ ചന്ദാവൽ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ട്രെയിൻ നിർത്താൻ സാധിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.