ന്യൂഡല്‍ഹി: മോദി സർക്കാർ അഭിമാന പദ്ധതിയായി നിർമ്മിച്ച സർദാർ വല്ലഭായ് പട്ടേലിന്‍റെ കൂറ്റൻ പ്രതിമയില്‍ മഴ പെയ്ത് വെള്ളം കയറുന്നതായി ആക്ഷേപം. ഗുജറാത്തിലെ നർമ്മദ നദിക്കരയില്‍ 3000 കോടി ചെലവിട്ട് നിർമ്മിച്ച 'സ്റ്റാച്യു ഓഫ് യൂണിറ്റി' പ്രതിമയുടെ സന്ദർശക ഗാലറിയിലാണ് മഴ പെയ്ത് വെള്ളം കയറുന്നത്. കഴിഞ്ഞ ദിവസം പെയ്ത ചെറിയ മഴയില്‍ മഴ വെള്ളം കയറുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞതോടയാണ് സംഭവം വിവാദമായത്.
3000 കോടിയുടെ സർദാർ പ്രതിമയില്‍ മഴ പെയ്ത് വെള്ളം കയറി: ട്രോൾ മഴയുമായി സോഷ്യല്‍ മീഡിയ - സാമൂഹിക മാധ്യമങ്ങൾ
കേന്ദ്ര സർക്കാരിനെയും നർമ്മദ ജില്ലാ ഭരണകൂടത്തെയും വിമർശിച്ച് നിരവധി ട്വീറ്റുകൾ
182 മീറ്റർ ഉയരത്തിലുള്ള പ്രതിമയില്‍ 153 മീറ്റർ ഉയരത്തിലാണ് സന്ദർശക ഗാലറിയുള്ളത്. 3000 കോടി മുടക്കി നിർമ്മിച്ച സ്റ്റാച്യു ഒഫ് യൂണിറ്റി പ്രതിമയില്‍ മഴവെള്ളം അകത്തേക്ക് കയറുന്നത് തയാൻ സംവിധാനമൊരുക്കിയില്ല എന്നാണ് സന്ദർശകരുടെ പ്രധാന വിമർശനം. സംഭവം മാധ്യമങ്ങളില്‍ വാർത്തയായതോടെ അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തി. സന്ദർശക ഗാലറിയുടെ മുൻവശം തുറന്ന് കിടക്കുന്നതിനാല്‍ മഴവെള്ളം അകത്തു കയറുന്നത് സ്വാഭാവികമാണെന്നും അത് പുറത്തേക്ക് ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും നർമ്മദ ജില്ലാ കലക്ടർ വിശദീകരിച്ചു.
സന്ദർശകർക്ക് കാഴ്ചകൾ ആസ്വദിക്കാൻ വേണ്ടി ഗ്ലാസുകൾ ഒഴിവാക്കിയാണ് സന്ദർശക ഗാലറി നിർമ്മിച്ചിട്ടുള്ളത്. അതാണ് മഴ വെള്ളം കയറാൻ കാരണം എന്നും അധികൃതർ വിശദീകരിക്കുന്നു. എന്നാല്‍ ശക്തമായ മഴയും കാറ്റുമുണ്ടെങ്കില്‍ ഇപ്പോഴത്തേക്കാൾ അധികം വെള്ളം പ്രതിമയ്ക്കുള്ളില്‍ കയറുമെന്നും അത് പരിഹരിക്കാൻ ആവശ്യമായ സംവിധാനം സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ ഇല്ലെന്നും വിമർശനമുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനെയും നർമ്മദ ജില്ലാ ഭരണകൂടത്തെയും വിമർശിച്ച് നിരവധി ട്വീറ്റുകളാണ് വരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വിഷയം വലിയ ചർച്ചയാണ്.