ന്യൂഡൽഹി:കർണാടകയിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമായി സംസാരിച്ചു. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി. ദുരിതബാധിത ജില്ലകൾക്ക് 85.5 കോടി രൂപയുടെ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തതായി യെദ്യൂരപ്പ പറഞ്ഞു. ബെലഗവി, കലബുരഗി, റൈച്ചൂർ, യാഡ്ഗിർ, കോപ്പൽ, ഗഡാഗ്, ധാർവാഡ്, ബാഗൽകോട്ടെ, വിജയപുര, ഹവേരി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഭീമ നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ കലബുരഗി, യാദ്‌ഗിർ ജില്ലകളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തു. നിരവധി ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങുകയും കൃഷികൾ നശിക്കുകയും ചെയ്തു. സെപ്റ്റംബർ അവസാനത്തോടെ സംസ്ഥാനത്ത് ശരാശരി 800 മില്ലിമീറ്റർ മഴ ലഭിക്കുമെങ്കിലും ഈ വർഷം 1,000 മില്ലിമീറ്ററിലെത്തി. ജില്ലാ അധികൃതരുമായി ചേർന്ന് കെഡിഎംഎ 41 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതിൽ 36 എണ്ണം കലബുരഗിയിൽ ആണ്. 4,864 പേരാണ് കലബുരഗിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷം; മഹാരാഷ്ട്രയില്‍ 48 മരണം
പ്രധാനമന്ത്രി നരേന്ദ്ര മോദി, കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും സംസാരിച്ചു. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഇരു സംസ്ഥാനങ്ങള്‍ക്കും ഉറപ്പ് നൽകി
അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ മഹാരാഷ്ട്രയിൽ 48 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 29 പേർ പൂനെ ഡിവിഷനിലും 16 പേർ ഔറംഗബാദ് ഡിവിഷനിലും മൂന്ന് പേർ തീരദേശ കൊങ്കണിയിൽ നിന്നുള്ളവരുമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി പ്രധാനമന്ത്രി സംസാരിക്കുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു. പശ്ചിമ മഹാരാഷ്ട്രയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂവായിരത്തിലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായതായി മഹാരാഷ്ട്ര അധികൃതർ അറിയിച്ചു. 40,000ത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പൂനെ, സോളാപൂർ, സതാര, സാംഗ്ലി, കോലാപ്പൂർ ജില്ലകളിലെ 87,000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന കരിമ്പ്, സോയാബീൻ, പച്ചക്കറികൾ, അരി, മാതളനാരങ്ങ, പരുത്തി തുടങ്ങിയ വിളകൾക്ക് വൻതോതിൽ നാശനഷ്ടമുണ്ടായി. കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. പശ്ചിമ മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് ഉപമുഖ്യമന്ത്രി അജിത് പവാർ അവലോകനം ചെയ്തു. നശിച്ചുപോയ വിളകൾ, വീടുകൾ, മറ്റ് സ്വത്തുക്കൾ എന്നിവയുടെ കണക്കുകൾ ഉടൻ എടുക്കണമെന്ന് പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം കണക്കിലെടുത്ത് പൂനെ, സോളാപൂർ, സാംഗ്ലി, സതാര, കോലാപ്പൂർ എന്നീ ഭരണകൂടങ്ങളോട് ജാഗ്രത പാലിക്കാനും പവാർ ആവശ്യപ്പെട്ടു. കൊങ്കൺ, ഗോവ, ഒഡീഷ, ആന്ധ്രാപ്രദേശന്‍റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊൽക്കത്തയിലും പശ്ചിമ ബംഗാളിന്‍റെ ചില ഭാഗങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡൽഹി-എൻസിആർ മേഖലയിൽ മാസങ്ങളോളം വായുവിന്‍റെ ഗുണനിലവാരം മോശമായതിനാൽ ഉയർന്ന അളവിലുള്ള വായു മലിനീകരണം കൊവിഡിനെ രൂക്ഷമാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സെപ്റ്റംബർ മുതൽ മലിനീകരണം വ്യാപിക്കുന്നതിനാല്‍ ഡൽഹിയിലെ കാലാവസ്ഥാ സ്ഥിതി വളരെ പ്രതികൂലമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും (സിപിസിബി) അറിയിച്ചു.