ഹൈദരാബാദ്: കനത്ത ദുരിതം വിതച്ച് മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. മധ്യപ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 10 ആയി. 11,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ പ്രിൻസിപ്പല്‍ സെക്രട്ടറി മനീഷ് റാസ്‌തോഗി അറിയിച്ചു. സംസ്ഥാനത്ത് ആരും വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത മഴ തുടരുന്നു; മധ്യപ്രദേശില്‍ മഴക്കെടുതിയില്‍ 10 മരണം - മധ്യപ്രദേശില്‍ പത്ത് മരണം
ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് 11,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചതായും ആരും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുന്നില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ പ്രിൻസിപ്പല്‍ സെക്രട്ടറി മനീഷ് റാസ്‌തോഗി അറിയിച്ചു
![കനത്ത മഴ തുടരുന്നു; മധ്യപ്രദേശില്‍ മഴക്കെടുതിയില്‍ 10 മരണം 10 dead, 11,000 rescued 1,000 rescued as rains abate 10 dead in Madhya Pradesh Rain Ravages India മഴ ശക്തം ഇന്ത്യ മഴ മധ്യപ്രദേശ് മഴ മധ്യപ്രദേശില്‍ പത്ത് മരണം ഇന്ത്യ മഴ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8620687-253-8620687-1598838881471.jpg)
സൈന്യത്തിന്‍റെയും എൻഡിആർഎഫ് സംഘത്തിന്‍റെയും നേതൃത്വത്തില്‍ മഴ ശക്തമായ പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. 257 പേരെ ഇന്ത്യ എയർ ഫോഴ്സിന്‍റെ നേതൃത്വത്തില്‍ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങിയ ബാക്കിയുള്ളവരെയും സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ദുരന്ത നിവാരണ സേനയോടൊപ്പം സൈന്യവും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മിക്ക നദികളുടെയും ജലനിരപ്പ് ഉയർന്നു. ഹർദ, ഹോഷങ്കാബാദ്, സെഹോർ, റൈസൻ, വിദിഷ ജില്ലകളിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യോമയാന നിരീക്ഷണം നടത്തി. സിയോണി ജില്ലയിലെ വൈൻഗംഗ നദി കരകവിഞ്ഞൊഴുകിയതോടെ ഇവിടെ നിർമിച്ച പുതിയ പാലം വെള്ളത്തിൽ ഒഴുകിപ്പോയി. കഴിഞ്ഞ 36 മണിക്കൂറിനിടെ കാത്നി, ഛത്താർപൂർ, സെഹോറെ എന്നീ പ്രദേശങ്ങളില്‍ മഴ മരണം റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സംസാരിച്ചു. മധ്യപ്രദേശിലെ എട്ട് ജില്ലകളില്‍ ഐഎംഡി ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തിലെ ജുനാഗദ് ജില്ലയിലെ പടാദാർ ഗ്രാമത്തില്‍ കുടുങ്ങിയ 45 പേരെ എൻഡിആർഎഫ് സംഘം രക്ഷിച്ചു. രാജസ്ഥാനിലെ സിറോഹി ജില്ലയില്‍ കരകവിഞ്ഞു ഒഴുകിയ നദി മുറിച്ച് കടക്കുന്നതിനിടെ ഒരാളെ കാണാതായി. യുവാവിനായി എൻഡിആർഎഫ് സംഘം തെരച്ചില്‍ തുടരുന്നു. ഗുജറാത്തിലെ ഗോഡാലി നദി കരകവിഞ്ഞതോടെ ഗോഡാല്‍ നഗരത്തില്‍ അകപ്പെട്ട 32 പേരെ അഗ്നിശമന സേനയും മുൻസിപ്പാലിറ്റി അധികൃതരും ചേർന്ന് രക്ഷിച്ചു. പശ്ചിമബംഗാളിലും മഴക്കെടുതി രൂക്ഷമാകുന്നു. ഗംഗ നദിയില്‍ പെട്ടെന്നുണ്ടായ മണ്ണൊലിപ്പില്‍ നാല്‍പ്പതോളം വീടുകൾ വെള്ളത്തിനടിയിലായി. 150ഓളം കുടുംബങ്ങൾക്കാണ് വീട് നഷ്ടമായത്. ദുരിതത്തില്‍പ്പെട്ടവർക്ക് അധികൃതർ ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കി. അടുത്ത 24 മണിക്കൂറില്‍ ഇൻഡോർ, ഉജ്ജൈയ്ൻ, റാത്ത്‌ലം, ദേവാസ്, ജാഹുവ, അലിരാജ്‌പൂർ, നീമൂച്ച് എന്നീ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.