ഹൈദരാബാദ്: സംസ്ഥാനത്ത് ഹൈദരാബാദ് അടക്കമുള്ള പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്നുള്ള അപകടങ്ങളിൽ ഇതുവരെ 13 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇബ്രാഹിംപട്ടണത്ത് വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് 40കാരിയായ സ്‌ത്രീയും 15കാരിയായ മകളും മരിച്ചു. മകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
തെലങ്കാനയിൽ കനത്ത മഴ; 13 മരണം, നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി - തെലങ്കാനയിൽ വെള്ളക്കെട്ട്
ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു
ഇന്നലെ മാത്രമായി സിൻഗപൂർ ടൗൺഷിപ്പിൽ 292.5 എംഎം മഴയാണ് ലഭിച്ചത്. വെർകറ്റ് പല്ലെയിൽ 250.8 മഴയും ലഭിച്ചു. ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. കോർപറേഷന് കീഴിൽ ശരാശരി 98.9 എംഎം മഴ ലഭിച്ചു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു അന്വേഷിച്ചതായി ചീഫ് സെക്രട്ടറി സോമേഷ് കുമാർ ജില്ലാ കലക്‌ടർമാരെയും പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചു.
അതേ സമയം ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ജില്ലാ കലക്‌ടർമാർക്ക് നിർദേശം നൽകി. ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചതായും പ്രളയ സഹായത്തിന് ടീമിനെ തയ്യാറാക്കിയതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.