ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്‌സറിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് കർഷകർ. പ്രക്ഷോഭത്തെ തുടർന്ന് നിർത്തിവച്ച പാസഞ്ചർ ട്രയിൻ സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള സർക്കാർ നീക്കം തടയുമെന്നും കർഷകർ വ്യക്തമാക്കി. റദ്ദാക്കിയ നാല് ട്രയിനുകളും ഏഴ് ഹ്രസ്വകാല ട്രയിനുകളും തിങ്കളാഴ്‌ച മുതൽ പുനഃസ്ഥാപിക്കുമെന്ന് റെയിൽവെ ഔദ്യോഗിമകമായി അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധം അവസാനിപ്പിക്കുകയില്ലെന്നാണ് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റിയുടെ പ്രതികരണം. കാർഷിക ബില്ലിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുത്തില്ലെങ്കിർ ട്രാക്കിൽ ജീവിതം അവസാനിപ്പിക്കുമെന്ന് കമ്മിറ്റിയംഗം സത്‌നം സിംഗ് പന്നു പറഞ്ഞു. ചരക്ക് ട്രയിനുകളെ തടയുകയില്ലെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചാബിൽ ട്രയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ റെയിൽവേ; തടയുമെന്ന് കർഷകർ - പഞ്ചാബിൽ ട്രയിൻ ഗതാഗതം തടയുമെന്ന് കർഷകർ
കഴിഞ്ഞ ദിവസം കർഷകരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ട്രെയിന്‍ തടയല്‍ സമരം 15 ദിവസത്തേക്ക് താൽകാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായിരുന്നു. എന്നാൽ കർഷകരുടെ ആവശ്യം പരിഗണിക്കാത്തതിനെ തുടർന്നാണ് വീണ്ടും ട്രയിൻ തടയലിന് ഒരുങ്ങുന്നത്.
എന്നാൽ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് പാസഞ്ചർ ട്രയിൻ സർവീസുകൾ പുനരാരംഭിക്കാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. ഇതിനായി ആദ്യം ചരക്ക് ട്രയിനുകളുടെ സർവീസ് നടത്തി ട്രാക്ക് സുരക്ഷിതമാണോയെന്ന് പരിശോധിക്കാനും റെയിൽവേ ഒരുങ്ങുകയാണ്.
കേന്ദ്ര സർക്കാരിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയാണ് പഞ്ചാബിലെ കർഷകർ 'റെയിൽ-റോക്കോ' പ്രതിഷേധം തുടരുന്നത്. റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച് കർഷകർ സംഘടിപ്പിച്ച സമരം 50 ദിവസം പിന്നിട്ടിരുന്നു. പാർക്കിങ് സ്ഥലങ്ങളിൽ തങ്ങാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഭക്ഷണം തയ്യാറാക്കിയുമായിരുന്നു സമരം. സംസ്ഥാനത്തെ 25 റെയിൽവേ സ്‌റ്റേഷനിലാണ് അനിശ്ചിതകാല ധർണ തുടരുന്നത്. സമരത്തെ തുടർന്ന് ഇതുവരെ സംസ്ഥാനത്ത് 22,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 1200 കോടി രൂപയുടെ നഷ്‌ടം റെയിൽവേയും നേരിട്ടു.