ന്യൂഡൽഹി:ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന 15 ലക്ഷത്തോളം ആളുകളെ കഴിഞ്ഞ 15 ദിവസങ്ങളിലായി സ്വന്തം നാടുകളിൽ എത്തിച്ചെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. ഇതിനായി 1,074 സ്പെഷ്യൽ ട്രെയിനുകൾ സർവീസുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിനം രണ്ട് ലക്ഷത്തിലധികം ആളുകളെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചതായും റെയിൽവേ മന്ത്രാലയം വക്താവ് പറഞ്ഞു. വരും ദിവസങ്ങളിൽ പ്രതിദിനം മൂന്ന് ലക്ഷം യാത്രക്കാരെ വരെ ട്രെയിനുകളിൽ യാത്ര ചെയ്യിപ്പിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെയ് ഒന്ന് മുതൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ, വിനോദസഞ്ചാരികൾ, തീർഥാടകർ, വിദ്യാർഥികൾ എന്നിവരെ തിരികെ അയക്കുന്നതിനായി 1,074 സ്പെഷ്യൽ ട്രെയിനുകൾ ആന്ധ്രാപ്രദേശ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, കർണാടക, കേരളം, ഗോവ,ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സര്‍വീസ് നടത്തി.
കൊവിഡ് 19ന്‍റെ വ്യാപനത്തെ ചെറുക്കുന്നതിന്‍റെ ഭാഗമായി എല്ലാ പാസഞ്ചർ, മെയിൽ, എക്‌സ്പ്രസ് ട്രെയിനുകളും മാർച്ച് 25 മുതൽ നിർത്തിവച്ചിരുന്നു. അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് ചരക്ക് ട്രെയിനുകളും പ്രത്യേക പാർസൽ ട്രെയിനുകളും മാത്രമാണ് പ്രവർത്തിച്ചിരുന്നത്. മെയ് 12 മുതൽ റെയിൽവേ 15 ജോഡി സ്‌പെഷ്യൽ രാജധാനി എക്‌സ്പ്രസ് ട്രെയിനുകളുടെ പ്രവർത്തനം ആരംഭിച്ചിരുന്നു.