ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാരുടെ സംഘം ഹാത്രാസ് കൂട്ടബലാത്സംഗത്തിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. ഇന്ന് ഉച്ചയോടെയാകും സന്ദർശനം നടത്തുക. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സംഘത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രാഹുൽ ഗാന്ധിയും കോൺഗ്രസ് എംപിമാരും ഹത്രാസിലേക്ക്: പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും - രാഹുൽ ഗാന്ധി വീട് സന്ദർശിക്കും
ഇന്ന് ഉച്ചയോടെയാകും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാരുടെ സംഘം കുടുംബത്തെ സന്ദർശിക്കുക.
കുടുംബാംഗങ്ങളെ കാണാൻ വേണ്ടി മാത്രമാണ് സന്ദർശനമെന്ന് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. എന്തിനാണ് സർക്കാർ ഞങ്ങളെ തടയുന്നതെന്നും പോകാൻ അനുവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്‌ടോബർ ഒന്നിന് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു. ഉത്തർ പ്രദേശ് സർക്കാരിന്‍റെയും സംസ്ഥാന പൊലീസിന്‍റെയും കുടുംബത്തോടുള്ള പെരുമാറ്റം അംഗീകരിക്കാൻ ആവില്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും ഹാത്രാസ്ഹൊറർ എന്ന ഹാഷ്‌ടാഗിൽ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു. കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി സെപ്റ്റംബർ 29ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.