ഡല്‍ഹി: ഉത്തർപ്രദേശിലെ യോഗി സര്‍ക്കാറിനെതിരെ കടുത്ത ഭാഷയില്‍ വിമർശനവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധി വദ്രയും. ബിജെപി ഭരണത്തില്‍ ഉത്തര്‍പ്രദേശില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ അക്രമസംഭവങ്ങളും ബലാത്സംഗങ്ങളും വ്യാപകമായി നടക്കുന്നതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില പൂര്‍ണ്ണമായും താളം തെറ്റിയതായും രാഹുല്‍ ആരോപിച്ചു. അസംഗര്‍സിലെ ബാസ്‌ഗോണ്‍ ദളിത് ഗ്രാമത്തലനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിക്കാനും രാഹുല്‍ മറന്നില്ല. കൂടാതെ കൊല്ലപ്പെട്ട സര്‍പഞ്ച് സത്യമേവിന്‍റെ കുടുംബത്തിന് അനുശോചനവും രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് 42 കാരനായ സത്യമേവ് വെടിയേറ്റ് മരിച്ചത്.
യോഗിക്കെതിരെ ആഞ്ഞടിച്ച് രാഹുലും പ്രിയങ്കയും
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധി വദ്രയും യോഗി സര്‍ക്കാറിനെതിരെ കടുത്ത ഭാഷയിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. യോഗി ആദിത്യ നാഥിന്‍റെ ഭരണത്തില്‍ ഉത്തര്‍പ്രദേശില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ അക്രമസംഭവങ്ങളും ബലാത്സംഗങ്ങളും വ്യാപകമായി നടക്കുന്നതായി രാഹുല്‍ ഗാന്ധി ആരോപിച്ചു.
അതേസമയം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ത്രീസുരക്ഷയില്‍ കാട്ടുന്ന അലംഭാവത്തിനെരെ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ നിരവധി സ്ഥലങ്ങളില്‍ ഇതിനോടകം തന്നെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുലന്ദ്ശഹര്‍, ഹാപൂര്‍ , ലഖിംപൂര്‍ ഖേരി, ഗൊരഖ്പുര്‍ എന്നിവിടങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതിന് തെളിവാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശിലെ ക്രിമിനലുകള്‍ക്ക് നിയമഭീതിയില്ലെന്നും അതിനാലാണ് സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി കൃറ്റകൃത്യങ്ങള്‍ അരങ്ങേറുന്നതെന്നും പ്രിയങ്ക ആരോപിച്ചു. സുരക്ഷ നല്‍കുകയോ ഉചിതമായ നടപടി സ്വീകരിക്കുകയോ ചെയ്യാന്‍ പൊലീസിനോ ഭരണകൂടത്തിനോ കഴിയുന്നില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രമസമാധാന സംവിധാനം അവലോകനം ചെയ്യുകയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും കൈക്കൊള്ളുകയും വേണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.