ചണ്ഡിഗഢ്: കർഷകർക്ക് ഗുണം ചെയ്യുന്ന കാർഷിക നിയമങ്ങളാണ് പാസാക്കിയതെന്ന കേന്ദ്രസർക്കാരിന്‍റെ വാദത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
മഹാമാരിക്കിടയിൽ ഇത്ര ധൃതി പിടിച്ച് കാർഷികനിയമങ്ങൾ നടപ്പിലാക്കിയതിന്‍റെ ആവശ്യകത എന്തെന്ന് രാഹുൽ ഗാന്ധി ചോദിച്ചു കോൺഗ്രസ് അധികാരത്തിൽ വന്നാൽ വിവാദപരമായ ഇത്തരം നിയമങ്ങൾ റദ്ദാക്കുമെന്നും കൊവിഡ് മഹാമാരിക്കിടയിൽ ഇത്ര ധൃതി പിടിച്ച് നിയമങ്ങൾ നടപ്പിലാക്കിയതിന്‍റെ ആവശ്യകത എന്തെന്നും മോഗയിൽ കിസാൻ ബച്ചാവോ റാലിയെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി ചോദിച്ചു.
"കർഷകർക്കായാണ് നിയമങ്ങൾ രൂപപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി പറയുന്നു. കർഷകർക്കായി നിയമങ്ങൾ നിർമിക്കുകയാണെങ്കിൽ, എന്തുകൊണ്ടാണ് അവ ലോക്‌സഭയിലും രാജ്യസഭയിലും അവ ചർച്ചക്ക് വക്കാതിരുന്നത്?" കാർഷിക നിയമങ്ങളിൽ കർഷകർ സന്തുഷ്‌ടരാണെങ്കിൽ എന്തിന് അവർ രാജ്യവ്യാപകമായി പ്രതിഷേധിക്കണമെന്നും രാഹുൽ ഉന്നയിച്ചു. പഞ്ചാബിലെ ഓരോ കർഷകനും പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറുന്നത്. കഴിഞ്ഞ മാസം പാർലമെന്‍റ് പാസാക്കിയ നിയമങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഇന്ന് മുതൽ ചൊവ്വാഴ്‌ച വരെ പഞ്ചാബിലുടനീളം സംഘടിപ്പിക്കുന്ന ട്രാക്ടർ റാലിയിൽ പങ്കെടുക്കാനായാണ് രാഹുൽ ഗാന്ധി മോഗയിലെത്തിയത്.