ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പിരിമുറുക്കത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ കേന്ദ്രം ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുവെന്ന് രാഹുൽ ഗാന്ധി. പാർലമെന്‍റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭാവവും കോൺഗ്രസ് ചോദ്യം ചെയ്തു.
ഇന്ത്യ-ചൈന അതിർത്തി വിഷയം ചർച്ച ചെയ്യുന്നത് നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് എംപിമാർ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഇന്ത്യൻ സർക്കാർ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ പാർട്ടി ആരോപിച്ചു.
1962ലെ യുദ്ധത്തിൽ അന്ന് അടൽ ബിഹാരി വാജ്‌പേയ് ചർച്ച ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പാർലമെന്റിൽ രണ്ട് ദിവസത്തെ ചർച്ച നടത്താൻ സമ്മതിച്ചിരുന്നതായി ലോക്സഭയിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് ആദിർ രഞ്ജൻ ചൗധരി പറഞ്ഞു.
സ്പീക്കർ ഓം ബിർള വിളിച്ച ലോക്‌സഭയുടെ ആദ്യ ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തിൽ ഇന്ത്യ-ചൈന വിഷയത്തിൽ ചർച്ച നടത്തണമെന്ന ആവശ്യം മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം കോൺഗ്രസും ഉന്നയിച്ചിരുന്നു. എന്നാൽ സമയമില്ലാതിരുന്ന കൊണ്ട് ഇത് നടന്നില്ല. ലഡാക്കിൽ ഏകദേശം 38,000 ചതുരശ്ര കിലോമീറ്റർ ചൈന അനധികൃതമായി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. അതേസമയം, അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ് അറിയിച്ചു.