ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഭാര്യാപിതാവും മാതാവും നഷ്ടപ്പെട്ട കൊവിഡ് ബാധിതനായ മാധ്യമപ്രവർത്തകന് കൈത്താങ്ങായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്‍റെ വിഷമങ്ങൾ അറിയിച്ചുകൊണ്ട് മാധ്യമപ്രവർത്തകൻ പങ്കുവെച്ച വീഡിയോയ്ക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തുകയായിരുന്നു.
കൊവിഡ് ബാധിതനായ മാധ്യമപ്രവർത്തകന് സഹായവുമായി രാഹുൽ ഗാന്ധി
തന്‍റെ വിഷമങ്ങൾ അറിയിച്ചുകൊണ്ട് മാധ്യമപ്രവർത്തകൻ പങ്കുവെച്ച വീഡിയോയ്ക്ക് പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തുകയായിരുന്നു.
"അജയ് യെ പോലുള്ള എന്‍റെ ദശലക്ഷക്കണക്കിന് സഹോദരിമാർക്കും സഹോദരങ്ങൾക്കുമായി, ഞങ്ങൾ നിങ്ങളുടെ വേദന പങ്കുവെക്കുന്നു. നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങളെല്ലാം ചെയ്യും'- രാഹുൽ വീഡിയോ പങ്കുവെച്ച് കൊണ്ട് ട്വിറ്ററിൽ കുറിച്ചു. മാധ്യമപ്രവർത്തകന് കഴിയാവുന്ന സഹായങ്ങൾ ചെയ്യാൻ പാർട്ടി അംഗങ്ങൾക്ക് രാഹുൽ നിർദേശം നൽകി.
ഭാര്യയും രണ്ട് മക്കളും കൊവിഡ് ബാധിതരാണെന്നും ഭാര്യയുടെ അച്ഛനമ്മമാർ വീട്ടിൽ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചതായും മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആരുമെത്തിയില്ലെന്നും വീഡിയോയിൽ മാധ്യമപ്രവർത്തകൻ പറയുന്നു. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഏറ്റെടുത്ത ഡൽഹി സർക്കാർ ആവശ്യനടപടികൾ സ്വീകരിച്ചു. നിലവിൽ ഒരു ഡിജിറ്റൽ ചാനലിൽ ജോലി ചെയ്യുന്ന അദ്ദേഹം മുമ്പ് നിരവധി വാർത്താ ചാനലുകളിലും വാർത്താ ഏജൻസികളിലും പ്രവർത്തിച്ചിട്ടുണ്ട്.