ന്യൂഡൽഹി: 'കർഷകർക്കായി സംസാരിക്കൂ' ക്യാമ്പൈനില്‍ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌ത് രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. കേന്ദ്രസർക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായുള്ള കർഷക പ്രക്ഷോഭത്തെ പിന്തുണക്കണമെന്നും അതിനായി കർഷകർക്കായി സംസാരിക്കൂ എന്ന ക്യാമ്പൈനിന്‍റെ ഭാഗമാകണമെന്നും കോൺഗ്രസ് നേതാക്കൾ ട്വിറ്ററിലൂടെ അറിയിച്ചു.
"മോദി സര്‍ക്കാര്‍ കർഷകരെ ഉപദ്രവിക്കുകയാണ്- ആദ്യം അവർ കർഷകർക്കെതിരെ കറുത്ത നിയമങ്ങൾ കൊണ്ടു വന്നു. പിന്നീട്, അവർക്കെതിരെ ലാത്തി ഉപയോഗിച്ചു. എന്നാൽ, കർഷകർ ശബ്‌ദം ഉയർത്തിയാൽ അത് രാജ്യമെമ്പാടും പ്രതിധ്വനിക്കുമെന്ന കാര്യം അവർ മറന്നു. നമ്മുടെ സഹോദരരായ കർഷകരെ ദ്രോഹിക്കുന്നതിന് എതിരെ '#കർഷകർക്കായി സംസാരിക്കൂ' ക്യാമ്പൈനിന്‍റെ ഭാഗമാകൂ," എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
പുതിയ കാർഷിക നിയമത്തിൽ കർഷകരുടെ താൽപര്യങ്ങൾ അവഗണിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. "കാർഷിക നിയമമെന്നാണ് നിയമത്തിന്‍റെ പേര്. പക്ഷേ അതിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് കോടീശ്വരന്മാർക്കാണ്. കർഷകരുമായി സംസാരിക്കാതെ എങ്ങനെയാണ് കാർഷിക നിയമങ്ങൾ ഉണ്ടാക്കുന്നത്? ഈ നിയമങ്ങൾ രൂപീകരിക്കുമ്പോൾ കർഷകരുടെ താൽപര്യങ്ങൾ എങ്ങനെ അവഗണിക്കാൻ സാധിക്കുന്നു? കർഷകർക്ക് പറയാനുള്ളത് സർക്കാർ കേൾക്കണം. കൃഷിക്കാരെ പിന്തുണച്ച് നമുക്ക് ഒറ്റക്കെട്ടോടെ ശബ്ദമുയർത്താം. #സ്പീക്ക്അപ്ഫോർഫാർമേഴ്‌സ്, " എന്ന് പ്രിയങ്ക ട്വിറ്ററിലൂടെ അവശ്യപ്പെട്ടു.
രാജ്യതലസ്ഥാനത്തും ഹരിയാനയിലുമായി വിവിധ ഇടങ്ങളിൽ കർഷകർ പ്രതിഷേധിക്കുകയാണ്. കർഷകരുമായി ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം പ്രതിഷേധക്കാർ നിരസിച്ചിട്ടുണ്ട്.