പുൽവാമ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരതയെ അടിച്ചമര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് സൈന്യത്തിനും സര്‍ക്കാരിനും ഒപ്പമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. രാജ്യത്തിന്‍റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ മറ്റൊരു സംസാരത്തിനും പ്രസക്തിയില്ല. വീരമൃത്യ വരിച്ച സൈനികരെ ബഹുമാനിക്കാനുള്ള സമയമാണ്. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
ഇന്ത്യയെ തകർക്കാനാവില്ല, സർക്കാരിനും സൈന്യത്തിനും പൂര്‍ണ പിന്തുണ: രാഹുൽ ഗാന്ധി
പുൽവാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ജവാൻമാർക്കൊപ്പം നമ്മളെല്ലാം ഒരുമിച്ചു നിൽക്കണം. ഒരു ശക്തിക്കും ഈ രാജ്യത്തെ ഭിന്നിപ്പിക്കാനോ തകർക്കാനോ കഴിയില്ലെന്നും രാഹുൽ പറഞ്ഞു.
ഭീകരതയുടെ ലക്ഷ്യം ഇന്ത്യയെ വിഭജിക്കലാണ്. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് രാജ്യത്തെ വിഭജിക്കാനും തകര്‍ക്കാനും ആകില്ല. കോണ്‍ഗ്രസ് രാജ്യത്തെ ജവാന്മാർക്കൊപ്പം നിൽക്കുന്നു. ഒരു ശക്തിക്കും ഇന്ത്യയെ തകർക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാഗങ്ങൾക്ക് ഒപ്പമുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു. തീവ്രവാദത്തിന് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പുൽവാമ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജി 20 രാജ്യങ്ങളിലേയും അയൽ രാജ്യങ്ങളിലെയും സ്ഥാനപതിമാരുമായി ഇന്ന് രാഹുൽ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി വച്ചു.
ആക്രമണത്തിന് തൊട്ടുപിന്നാലെ സർക്കാരിനെ കുറ്റപ്പെടുത്തിയ കോൺഗ്രസ് വക്താവ് രൺദീപ് സുർജവാലയുടെ ട്വീറ്റുകൾ വിമർശനത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. 2000 ലധികം സൈനികരെ ഒരുമിച്ചു കൊണ്ടു പോയത് ഗുരുതര വീഴ്ചയാണെന്ന് മെഹബൂബെ മുഫ്തി പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഗവർണർക്ക് വീഴ്ച സംഭവിച്ചുവെന്നു ഒമർ അബ്ദുള്ളയും വിമർശിച്ചു.