നാല് പേജുള്ള രാഹുലിന്‍റെ രാജിക്കത്ത് ട്വിറ്ററില്‍: പുതിയ അധ്യക്ഷനെ തേടി കോൺഗ്രസ് - സുശീല്‍കുമാർ ഷിൻഡെ
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദികളായി പാർട്ടിയില്‍ നിരവധി പേരുണ്ടെന്ന് പറയാതെ പറഞ്ഞ രാഹുല്‍ പുതിയ അധ്യക്ഷനെ താൻ തീരുമാനിക്കില്ലെന്നും വ്യക്തമാക്കി.
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം പ്രവർത്തക സമിതിയില്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും രാഹുല്‍ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദം ഒഴിയുമെന്ന് വിശ്വസിച്ചവർ ചുരുക്കം. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചു നിന്ന രാഹുല്‍ ഗാന്ധി 37 ദിവസങ്ങൾക്ക് ശേഷം ട്വിറ്ററിലൂടെ രാജിക്കത്ത് പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദികളായി പാർട്ടിയില്‍ നിരവധി പേരുണ്ടെന്ന് പറയാതെ പറഞ്ഞ രാഹുല്‍ പുതിയ അധ്യക്ഷനെ താൻ തീരുമാനിക്കില്ലെന്നും വ്യക്തമാക്കി. പിൻഗാമി നെഹ്‌റു കുടുംബത്തില്‍ നിന്ന് വേണ്ടെന്ന് രാഹുല്‍ പറയുമ്പോൾ പ്രിയങ്കാ ഗാന്ധി ഉടൻ കോൺഗ്രസ് നേതൃത്വത്തിലേക്ക് വരാനുള്ള സാധ്യതകൾ തള്ളിക്കളയുന്നു. താല്‍ക്കാലിക അധ്യക്ഷനായി മോത്തിലാല്‍ വോറയെ തീരുമാനിച്ചു എന്ന പ്രഖ്യാപനം വന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല. അടുത്തയാഴ്ച ചേരുന്ന പ്രവർത്തക സമിതിയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. ഇക്കാര്യത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പോകാതെ സമവായത്തിനാകും കോൺഗ്രസ് നേതൃത്വം ശ്രമിക്കുക.