ന്യൂഡൽഹി:ഇന്ത്യ- ചൈന അതിർത്തി സംഘര്‍ഷത്തില്‍ ബിജെപിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും പ്രധാന മന്ത്രിയുടെ ഉറക്കത്തിന്‍റെ വില രാജ്യം നല്‍കുകയാണെന്നും രാഹുല്‍ പരോക്ഷമായി ആരോപിച്ചു. "അദ്ദേഹം ഉറങ്ങുകയാണ്. ഇന്ത്യ അതിന് വില നൽകുന്നു" രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ചൈനയുടെ നീക്കങ്ങൾ മാസങ്ങളായി ആസൂത്രണം ചെയ്യപ്പെട്ടിരിക്കാമെന്ന് വ്യക്തമാക്കുന്ന വാർത്താ റിപ്പോർട്ടും രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ജൂൺ 15 ന് ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ഗല്‍വാനിലെ സംഘർഷത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.
മോദിയുടെ ഭരണകാലത്ത് ഇന്ത്യയുടെ ഭൂമി ചൈന കയ്യേറിയ സംഭവത്തില്‍ എന്താണ് സംഭവിച്ചതെന്ന് രാഹുൽ ഞായറാഴ്ച ചോദിച്ചിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സർക്കാർ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍ പ്രതിരോധ വിദഗ്ദ്ധനെ ഉദ്ധരിച്ച് ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനവും പങ്കുവെച്ചിരുന്നു.
കഴിഞ്ഞ എട്ട് ആഴ്ചയായി കിഴക്കൻ ലഡാക്കിലെ ഒന്നിലധികം സ്ഥലങ്ങളിൽ ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ കടുത്ത പോരാട്ടത്തിലാണ്.