റാഫേൽ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് നവംബറിൽ എത്തും
നാല് റാഫേൽ വിമാനങ്ങളാണ് അടുത്ത മാസം ആദ്യവാരം അമ്പാലയിലെ വ്യോമതാവളത്തിലെത്തുന്നത്. ആദ്യ ബാച്ച് കഴിഞ്ഞ ജൂലൈ 28 ന് ഇന്ത്യയിലെത്തിയിരുന്നു. അഞ്ച് വിമാനങ്ങളായിരുന്നു ആദ്യ ബാച്ചിൽ എത്തിയത്. 59,000 കോടി രൂപക്ക് 36 റാഫേൽ യുദ്ധവിമാനങ്ങൾക്കാണ് ഇന്ത്യ ഓർഡർ കൊടുത്തിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നതിനിടയിൽ ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൂടുതൽ കരുത്ത് പകരാൻ റാഫേൽ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് നവംബർ ആദ്യം എത്തും. നാല് റാഫേൽ വിമാനങ്ങളാണ് അടുത്ത മാസം ആദ്യവാരം അമ്പാലയിലെ വ്യോമതാവളത്തിലെത്തുന്നത്. ആദ്യ ബാച്ച് കഴിഞ്ഞ ജൂലൈ 28 ന് ഇന്ത്യയിലെത്തിയിരുന്നു. അഞ്ച് വിമാനങ്ങളായിരുന്നു ആദ്യ ബാച്ചിൽ എത്തിയത്. 59,000 കോടി രൂപക്ക് 36 റാഫേൽ യുദ്ധവിമാനങ്ങൾക്കാണ് ഇന്ത്യ ഓർഡർ കൊടുത്തിരിക്കുന്നത്. ഇതിനകം തന്നെ ലഡാക്കിലെ സംഘർഷ മേഖലകളിൽ റാഫേൽ വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. രണ്ടാം ബാച്ചിൽ നിന്ന് ഒരു വിമാനം പശ്ചിമ ബംഗാളിലെ ഹാഷിമര വ്യോമതാവളത്തിലും വിന്യസിക്കും. പദ്ധതി വിലയിരുത്തലിനായി അസിസ്റ്റന്‍റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (പ്രോജക്‌ടുകൾ) എയർ വൈസ് മാർഷൽ എൻ തിവാരിയുടെ നേതൃത്വത്തിലുള്ള വ്യോമസേന ടീം ഫ്രാൻസിലുണ്ട്. ഫ്രാൻസിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ പൈലറ്റുമാർ 2021 മാർച്ചോടെ പരിശീലനം പൂർത്തിയാക്കും. 2016 സെപ്റ്റംബറിൽ ആണ് ഇന്ത്യ ഫ്രഞ്ച് സർക്കാരുമായും ഡസ്സോൾട്ട് ഏവിയേഷനുമായും റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി കരാർ ഒപ്പിട്ടത്.