റാഫേല്‍ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് നാളെ പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കും. ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റല്‍ ജനറല്‍ കരാര്‍ പരിശോധിച്ചത്.
വെളളിയാഴ്ച നടത്തിയ അവസാനഘട്ട ചര്‍ച്ചക്ക് ശേഷമാണ് റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ തിങ്കളാഴ്ച സമര്‍പ്പിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുളള രാഷ്ട്രീയ പോര് രൂക്ഷമാകും. റാഫേല്‍ കരാര്‍ തയ്യാറാകുമ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ചോയെന്നും, വില നിശ്ചയിച്ചതില്‍ ക്രമക്കേട് ഉണ്ടോയെന്നും സിഎജി വിശദമായി പരിശോധിച്ചെന്നാണ് സൂചന.
പരിശോധനയുടെ അടിസ്ഥാനത്തിലുളള കണ്ടെത്തലുകള്‍, സിഎജി നിര്‍ദ്ദേശങ്ങള്‍ എല്ലാം അടങ്ങുന്നതാണ് റിപ്പോര്‍ട്ട്. സഭക്ക് ലഭിക്കുന്ന റിപ്പോര്‍ട്ട് പാര്‍ലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും പരിശോധിക്കും. നിലവില്‍ കോണ്‍ഗ്രസ് നേതാവ് മല്ലിഗാര്‍ജുന്‍ ഖാര്‍ഗെയാണ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണ് റാഫേല്‍ ഇടപാടില്‍ ക്രമക്കേട് നടന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം റാഫേൽ ഇടപാട് സംബന്ധിച്ച് പാര്‍ലമെന്‍റില്‍ സമര്‍പ്പിക്കുന്ന സിഎജി റിപ്പോര്‍ട്ടില്‍ കരാറില്‍ ക്രമക്കേട് നടന്നതായി വ്യക്തമായാല്‍ വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വലിയ തിരിച്ചടിയാകും. അതേസമയം പാര്‍ലമെന്‍റിന്‍റെ അവസാന ദിനം വെയ്ക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് സമയം ലഭിക്കുമോയെന്ന് സംശയമുണ്ട്.