അമരാവതി: മതേതര ഇന്ത്യയിൽ ജാതിവിവേചനത്തിന്‍റെ മറ്റൊരു നേർകാഴ്‌ച കൂടി. ആന്ധ്രാപ്രദേശിലെ അനന്ദപൂർ ജില്ല സ്വദേശികളായ ഒബന്ന, രത്‌നകുമാരി എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി സമുദായത്തിലെ ദമ്പതികൾ ആർഡിഒയുടെ കാലിൽ വീണതോടെയാണ് സംഭവം വിവാദമായത്.
ജാതീയ അധിക്ഷേപം; നീതി തേടി ആർഡിഒയുടെ കാലിൽ വീണ് ദമ്പതികൾ - Racial abuse
ആന്ധ്രാപ്രദേശിലെ അനന്ദപൂർ ജില്ല സ്വദേശികളായ ഒബന്ന, രത്‌നകുമാരി എന്നിവരെയാണ് ഉയർന്ന ജാതിയിലുള്ള ഗ്രാമവാസികൾ ജാതീയ അധിക്ഷേപം നടത്തിയതായി പരാതിയുള്ളത്.

മെയ് 15 ന് ഗ്രാമത്തിലെ ഉയർന്ന ജാതിയിലുള്ള ചിലർ ജാതീയ അധിക്ഷേപം നടത്തിയതായി ദമ്പതികൾ പരാതി നൽകി. സംഭവം ഗ്രാമത്തിലെ ഇരുവിഭാഗങ്ങളിൽ വലിയ തർക്കത്തിന് ഇടയാക്കി. തുടർന്ന് പട്ടികജാതി- പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം അധിക്ഷേപം നടത്തിയവർക്കതിരെ പൊലീസ് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് ദമ്പതികളുടെ എസ്‌സി സർട്ടിഫിക്കറ്റ് പൊലീസ് തഹസിൽദാറിന് കൈമാറി. എന്നാൽ എതിർഭാഗത്ത് നിന്നുണ്ടായ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഇത് ബിസി സർട്ടിഫിക്കറ്റാക്കി മാറ്റിയതായി ദമ്പതികൾ പറയുന്നു.
കേസന്വേഷണത്തിന്‍റെ ഭാഗമായി ഡിഎസ്‌പി ശ്രീനവാസുലുവും ആർഡിഒ ഗുണഭൂഷൻ റെഡ്ഡിയും വെള്ളിയാഴ്‌ച ഗ്രാമത്തിലെത്തിയപ്പോഴാണ് ദമ്പതികൾ കാലിൽ വീണ് അപേക്ഷിച്ചത്. കേസുമായി ബന്ധപ്പെട്ട് ജില്ലാ കലക്‌ടർ വില്ലേജ് റവന്യൂ ഓഫീസറെ സസ്പെൻഡ് ചെയ്യുകയും, തഹസിൽദാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.