174 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഈമാസം 14 മുതൽ പാർലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമാകും. പാർലമെന്‍റിന്‍റെ രണ്ട് സമ്മേളനം തമ്മിലുള്ള അന്തരം ആറുമാസത്തിൽ കൂടരുത് എന്ന ഭരണഘടനാ നിർദേശപ്രകാരം നടത്തുന്ന വര്‍ഷകാല സമ്മേളനത്തെ ഇത്തവണ 'കൊവിഡ് സെഷൻ' എന്ന് വിളിക്കാം. കൊവിഡ് മഹാമാരി രാജ്യത്ത് 43 ലക്ഷത്തിലധികം കേസുകളും, 23000 കടന്ന് മരണങ്ങളുമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്. കേന്ദ്രം പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പാർലമെന്‍റിന്‍റെ യോഗങ്ങളെ സാരമായി സ്വാധീനിച്ചു. സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 1 വരെ ഇടവേളകളില്ലാതെ നടക്കുന്ന സമ്മേളനം രണ്ട് ഷിഫ്റ്റുകളിലായി നടക്കും - രാവിലെ ലോക്സഭ, ഉച്ച കഴിഞ്ഞ് രാജ്യസഭ. ഏറ്റവും പുതിയ നിയമങ്ങൾ അനുസരിച്ച് ഓരോ ഷിഫ്റ്റും നാല് മണിക്കൂറായി ചുരുക്കിയിരിക്കുന്നതിനാൽ, ചോദ്യോത്തര വേള ഉണ്ടാകില്ല, ശൂന്യ വേള അരമണിക്കൂറായി പരിമിതപ്പെടുത്തും. സ്വകാര്യ അംഗങ്ങളുടെ ബില്ലുകൾ അനുവദിക്കില്ല. അതിർത്തിയിലെ ചൈനയുടെ കയ്യേറ്റങ്ങൾ, ആഭ്യന്തരമായി കൊറോണ മരണങ്ങൾ, മൈനസ് 23 ശതമാനത്തിന്‍റെ വളർച്ചാ നിരക്ക്, നിശ്ചലമായ തൊഴിൽ രംഗം, അഭൂതപൂർവമായ വ്യാവസായിക മാന്ദ്യം എന്നിവയെല്ലാം വലിയ തോതിലുള്ള ദുരന്തത്തിന്‍റെ സൂചനയാണ്. ഈ സാഹചര്യങ്ങളിൽ, സർക്കാരിനെ ചോദ്യം ചെയ്യാനും പൊതുജനക്ഷേമത്തിന്‍റെ വിശാലമായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും വിശ്വസനീയമായ ഉത്തരങ്ങളിൽ എത്തിച്ചേരാനുമുള്ള ശരിയായ വേദിയാണ് ചോദ്യോത്തര വേള. ചോദ്യാവലി റദ്ദാക്കിയിട്ടും, ‘മുന്‍പ് കാണാത്ത’ ചോദ്യങ്ങൾക്ക് രേഖാമൂലമുള്ള ഉത്തരം നൽകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. പക്ഷേ അവ വാക്കാലുള്ള ഉത്തരങ്ങൾക്ക് പകരമാവില്ല. ജനാധിപത്യത്തിന്‍റെ സാരാംശം ഉത്തരവാദിത്തമാകുമ്പോൾ, ചോദ്യസമയം റദ്ദാക്കുന്നതിൽ അർത്ഥമില്ല. ഇന്തോ-ചൈന, ഇന്തോ-പാക് യുദ്ധങ്ങളുടെ അടിയന്തരാവസ്ഥയിൽ ചോദ്യസമയം റദ്ദാക്കിയ സംഭവങ്ങളുണ്ടെങ്കിലും നിലവിലെ പ്രതിസന്ധി അവയിൽ നിന്ന് വ്യത്യസ്തമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർലമെന്‍റിന്‍റെ സംയോജിത വിവേകത്തിനുള്ള ശരിയായ മൂലകല്ല് ആണ് ചോദ്യോത്തര വേള!
ചോദ്യോത്തര വേള, ജനാധിപത്യത്തിന്‍റെ കാതൽ - ചോദ്യോത്തര വേള
ജനാധിപത്യത്തിന്‍റെ സാരാംശം ഉത്തരവാദിത്തമാകുമ്പോൾ, ചോദ്യസമയം റദ്ദാക്കുന്നതിൽ അർത്ഥമില്ല. ഇന്തോ-ചൈന, ഇന്തോ-പാക് യുദ്ധങ്ങളുടെ അടിയന്തരാവസ്ഥയിൽ ചോദ്യസമയം റദ്ദാക്കിയ സംഭവങ്ങളുണ്ടെങ്കിലും നിലവിലെ പ്രതിസന്ധി അവയിൽ നിന്ന് വ്യത്യസ്തമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർലമെന്‍റിന്‍റെ സംയോജിത വിവേകത്തിനുള്ള ശരിയായ മൂലകല്ല് ആണ് ചോദ്യോത്തര വേള!
പാർലമെന്‍റിന്‍റെ പ്രവർത്തനം ഭരിക്കുകയല്ല, മറിച്ച് വാദിച്ചും ചർച്ച ചെയ്യതും മികച്ച തീരുമാനങ്ങളിൽ എത്തിച്ചേരുകയെന്നതാണെന്ന് ഭരണഘടനാ വിദഗ്ദ്ധനായ സർ വില്യം ഐവർ ജെന്നിങ്സ് പറയുന്നു. ഭരണകക്ഷിയെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ പ്രതിപക്ഷത്തിന്‍റെ വിമർശിക്കാനുള്ള അവകാശം അംഗീകരിക്കുന്ന ഒന്നാണ് ജനാധിപത്യം. 1957 ൽ പാർലമെന്‍റിന്‍റെ ചോദ്യോത്തര വേളയിൽ ബീഹാർ എംപി രാം സുഭാഗ് സിംഗ് അന്നത്തെ ധനമന്ത്രി ടി ടി കൃഷ്ണമാചാരിയോട് ഉന്നയിച്ച ചോദ്യം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതി തുറന്നുകാട്ടി. പാർലമെന്‍റിനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കുന്നതിനായി, ജനങ്ങൾക്ക് വേണ്ടി ഭരണാധികാരികളോട് വ്യക്തമായ ചോദ്യങ്ങൾ ഉന്നയിക്കേണ്ടത് ജനപ്രതിനിധി സഭയിലെ അംഗങ്ങളുടെ കടമയാണ്. 1961 മുതൽ എല്ലാ ബുധനാഴ്ചയും അംഗങ്ങളോട് വ്യക്തിപരമായി പ്രതികരിക്കുന്നതിനായി ചോദ്യോത്തര വേളയിൽ ഈ അരമണിക്കൂർ ബ്രിട്ടൻ പ്രധാനമന്ത്രിക്ക് നീക്കിവച്ചിട്ടുണ്ട്. വർഷത്തിൽ 160 ദിവസമെങ്കിലും യോഗം ചേരുന്ന ബ്രിട്ടീഷ് പാർലമെന്‍റില്‍, ഓരോ സമ്മേളനത്തിനും 20 ദിവസത്തേക്ക് അജണ്ട നിശ്ചയിക്കാനുള്ള അവകാശം പ്രതിപക്ഷത്തിന് ഉണ്ട്. പാർലമെന്‍റിൽ അംഗങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ലോക്സഭാ സെക്രട്ടേറിയറ്റ് തന്നെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, ചോദ്യോത്തര വേളയുടെ 67 ശതമാനം മാത്രമാണ് കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിൽ ശരിയായി ഉപയോഗിച്ചത്. 2009-19 കാലയളവിൽ രാജ്യസഭയ്ക്ക് ചോദ്യോത്തര വേളയുടെ 41 ശതമാനം മാത്രമേ ഉപയോഗിക്കാൻ കഴിഞ്ഞുള്ളൂ. ചോദ്യാവലി നിർത്തലാക്കിയെന്ന് ആരോപിക്കുന്ന കക്ഷികൾ മുന്‍കാലത്ത് വിലയേറിയ സമയം പാഴാക്കിയ രീതിയെക്കുറിച്ച് ആത്മപരിശോധന നടത്തണം. പുതിയ ഇന്ത്യ അനാച്ഛാദനം ചെയ്യുന്ന ദിശയിൽ കഴിഞ്ഞ വർഷം 'സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്' (എല്ലാവരുടെയും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും ആത്മവിശ്വാസം) എന്ന് പരാമർശിച്ച പ്രധാന മന്ത്രി മോദി, പാർലമെന്‍റ് സമ്മേളനത്തിലെ ചോദ്യോത്തര വേളക്ക് ആത്മാർത്ഥമായി മുൻഗണന നൽകണം.