ന്യൂഡൽഹി: ഒക്‌ടോബർ ആദ്യവാരം പഞ്ചാബിൽ നടത്തുന്ന കർഷക പ്രതിഷേധത്തിൽ കോൺഗ്രസ് മുൻ പ്രസിഡന്‍റ് രാഹുൽ ഗാന്ധി പങ്കെടുത്തേക്കുമെന്ന് സൂചന. ഇതിനായി രാഹുലിനെ ക്ഷണിക്കാൻ ഒരുങ്ങുകയാണെന്ന് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. അദ്ദേഹത്തിന് തങ്ങളോടൊപ്പം പങ്കുചേരാൻ സാധിക്കുമെന്നാണ് കരുതുന്നത്. രാഹുലിന്‍റെ സൗകര്യ പ്രകാരമായിരിക്കും പ്രതിഷേധ ദിനം തീരുമാനിക്കുകയെന്നും പഞ്ചാബ് പ്രദേശ് കോൺഗ്രസ് മേധാവി സുനിൽ ജഖാർ അറിയിച്ചു.
പഞ്ചാബിലെ കർഷക പ്രക്ഷോഭം; രാഹുൽ ഗാന്ധിയെ ക്ഷണിക്കുമെന്ന് സുനിൽ ജഖാർ - രാഹുൽ ഗാന്ധി പഞ്ചാബിൽ കർഷക പ്രതിഷേധം
കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയെ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ക്ഷണിക്കുന്നത്.
സുനിൽ ജഖാർ
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക വിരുദ്ധ ബില്ലുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി സെപ്‌റ്റംബർ 24 മുതൽ വിവിധ പ്രക്ഷോഭങ്ങൾ നടന്നു വരികയാണ്. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബർ രണ്ടിന് രാജ്യത്തെ കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിഷേധം നടത്താൻ എഐസിസി തീരുമാനിച്ചിട്ടുണ്ടെന്നും സുനിൽ ജഖാർ കൂട്ടിച്ചേർത്തു.