ചണ്ഡിഗഡ്: അഫ്‌ഗാനിസ്ഥാനിൽ നിന്നും സിഖ് കുടുംബങ്ങളെ തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പാർലമെന്‍റ് അംഗം കത്ത് നൽകി. യുദ്ധത്തിൽ തകർന്ന അഫ്‌ഗാനിസ്ഥാൻ പ്രദേശങ്ങളിൽ കുടുങ്ങിയ സിഖ് കുടുംബങ്ങളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജസ്‌ബീർ സിങ് ഗില്ലാണ് നരേന്ദ്രമോദിക്ക് കത്തെഴുതിയത്.
അഫ്‌ഗാനിസ്ഥാനിൽ കുടുങ്ങിയ സിഖുകാരെ തിരിച്ചെത്തിക്കണം; പ്രധാനമന്ത്രിക്ക് കത്ത് - അഫ്‌ഗാനിസ്ഥാൻ
യുദ്ധത്തിൽ തകർന്ന അഫ്‌ഗാനിസ്ഥാൻ പ്രദേശങ്ങളിൽ കുടുങ്ങിയ സിഖ് കുടുംബങ്ങളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ് എംപി ജസ്‌ബീർ സിങ് ഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.
"വർഷങ്ങളായി അഫ്‌ഗാനിസ്ഥാനിൽ താമസിക്കുന്ന നിരവധി സിഖ് കുടുംബങ്ങളുണ്ട്. മാർച്ചിൽ നടന്ന ഐഎസ്ഐഎസ് ആക്രമണത്തിൽ 25 സിഖുകാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുക്കുകയും രാജ്യം വിടാത്ത ഒരു സിഖുകാരനെയും വെറുതെ വിടില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഭീകതയുടെ നിഴലിൽ കഴിയുന്ന കുടുംബങ്ങളെ തിരിച്ചെത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് അഭ്യർഥിക്കുന്നു", എന്നാണ് കത്തിൽ പറയുന്നത്.
അഫ്‌ഗാനിസ്ഥാനിൽ നിന്ന് സിഖ് കുടുംബങ്ങളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സിഖ് സമുദായത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രി അഫ്‌ഗാനിസ്ഥാൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ ബാദലും കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലും ആവശ്യപ്പെട്ടു.