ചണ്ഡിഗഡ്:കാർഷിക നിയമത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള കേന്ദ്രത്തിന്‍റെ ക്ഷണം നിരസിച്ച് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി. നിയമങ്ങളിലുള്ള പ്രതിഷേധം സർക്കാർ ഗൗരവമായി കാണാത്ത സാഹചര്യത്തിൽ ഫാം നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പറഞ്ഞു.
കേന്ദ്ര കാർഷിക മന്ത്രി ഫോൺകോളിലൂടെയും മെയിൽ വഴിയും ഒക്ടോബർ എട്ടിന് ഡൽഹിയിൽ വെച്ച് നടക്കുന്ന ചർച്ചക്ക് ക്ഷണിച്ചതായും നിയമങ്ങളിലുള്ള പ്രതിഷേധം സർക്കാർ ഗൗരവമായി കാണാത്ത സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി അംഗം സർവാൻ സിംഗ് പാണ്ഡെർ പറഞ്ഞു.
അംബാനി, അദാനി തുടങ്ങിയ വൻകിട കോർപ്പറേറ്റുകളാണ് മുഴുവൻ കാർഷികമേഖലയിലും ആധിപത്യം പുലർത്തുന്നതെന്നും സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കാർഷിക ബില്ലുകളെല്ലാം 'കർഷക വിരുദ്ധവും, കോർപ്പറേറ്റ് അനുകൂലമാണെന്നും പാണ്ഡെർ പറഞ്ഞു.
ബില്ലുകളിൽ പ്രതിഷേധിച്ച ഹരിയാനയിലെ കർഷകരെ പൊലീസുകാർ ലാത്തി കൊണ്ട് മർദ്ദിച്ചെന്നും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചെന്നും ഇതെല്ലാം ബിജെപി സർക്കാരിന്‍റെ നിർദേശപ്രകാരം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു.