മുംബൈ: ജൂലൈയില്‍ നഗരത്തിൽ കണക്കില്‍പ്പെടാത്ത 400 ഓളം കൊവിഡ് മരണങ്ങള്‍ നടന്നതായി പൂനെ മേയർ മുരളിധർ മൊഹോൾ ആരോപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ താൻ ഇക്കാര്യം ഉന്നയിച്ചെന്നും മൊഹോൾ പറഞ്ഞു. 400 മുതൽ 500 വരെ കൊവിഡ് രോഗികള്‍ സാസൂൺ ജനറൽ ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലുമായി മരിക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.
പൂനെയില്‍ കണക്കില്‍പെടാത്ത 400ഓളം കൊവിഡ് മരണങ്ങള്‍ നടന്നതായി മേയര്‍ - suspected COVID-19 deaths
400 മുതൽ 500 വരെ കൊവിഡ് രോഗികള്‍ സാസൂൺ ജനറൽ ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലുമായി മരിക്കുന്നുണ്ടെന്ന് മേയർ

ദിവസവും 12 പേരെങ്കിലും സാസൂണ്‍ ആശുപത്രിയിൽ മരണമടയുന്നുണ്ടെന്നും രോഗിയെ മരണശേഷം ആശുപത്രികളിലേക്ക് എത്തിക്കുയോ അല്ലെങ്കില്‍ ആശുപത്രിയില്‍ എത്തിച്ചയുടനെ മരിക്കുകയോ ചെയ്യുന്നതിനാലാണ് മരണങ്ങള്‍ കണക്കില്‍പ്പെടുത്താത്തതെന്നും മേയര്‍ പറഞ്ഞു. മരിച്ച വ്യക്തിയുടെ കൊവിഡ് പരിശോധന നടത്താറില്ല. എന്നാല്‍ ഡോക്ടര്‍മാര്‍ എക്‌സ്-റേ എടുക്കുമ്പോള്‍ അവര്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നെന്നും മൊഹോള്‍ പറഞ്ഞു. രോഗികളെ നേരത്തേ കണ്ടെത്തുന്നതിലൂടെ അവർക്ക് സമയബന്ധിതമായി ചികിത്സ നൽകാനും അത്തരം മരണങ്ങൾ തടയാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണത്തെത്തുടർന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സസൂൺ ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് തേടിയതായും കലക്ടർ നേവൽ കിഷോർ റാം പറഞ്ഞു.