പുതുച്ചേരി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതുച്ചേരിയിലെ പ്രദേശങ്ങൾ സീൽ ചെയ്യാൻ ഉത്തരവിട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. വിദേശത്ത് നിന്നും, ചെന്നൈയിൽ നിന്നും നിരവധി പേർ പുതുച്ചേരിയിലെത്തുന്നത് കൊണ്ടാണ് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് മെഡിക്കൽ വിദഗ്‌ധർ അറിയിച്ചു. അന്തർ സംസ്ഥാന അതിർത്തികൾ കൃത്യമായി നിരീക്ഷിക്കുമെന്നും, ചികിത്സക്ക് ഒഴിച്ച് മറ്റ് ആവശ്യങ്ങൾക്ക് തമിഴ്‌നാട്ടിൽ നിന്നും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും വിദേശത്ത് നിന്നും എത്തുന്നവരെ ഇന്ന് മുതൽ കർശനമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുച്ചേരിയിലെ സാധാരണക്കാരിൽ നിന്ന് കൊവിഡ് ഉണ്ടാകില്ല. ചെന്നൈ, വില്ലുപുരം, കൂടല്ലൂർ ജില്ലകളിൽ നിന്നും എത്തിയവരിൽ നിന്നോ, വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരിൽ നിന്നോ രോഗം പകർന്നതാണ്. ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, കേന്ദ്രഭരണ പ്രദേങ്ങളിലെ ലഫ്റ്റനന്‍റ് ഗവർണർമാരുമായും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിലെ ചടങ്ങുകൾക്കും, ശവസംസ്‌കാരം എന്നീ ആവശ്യങ്ങൾക്കാണ് പ്രധാനമായും ആളുകൾ തമിഴ്‌നാട്ടിൽ നിന്നും എത്തുന്നത്. തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ടിൽ നിന്ന് മടങ്ങി വരുന്നവരെ വ്യക്തമായ അനുവാദമില്ലാതെ പുതുച്ചേരിയിലേക്ക് കടക്കാൻ അനുവദിക്കില്ല. അനുമതിയില്ലാത്തവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.