കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ പൗരനെന്നതിൽ അഭിമാനം: അഫ്സൽ ഗുരുവിന്‍റെ മകൻ - galib guru

സുരക്ഷാ സേനാംഗങ്ങളിൽ നിന്ന് ഒരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. മറിച്ച് പഠനം മുന്നോട്ട് കൊണ്ടുപോകാനുളള പ്രചോദനം അവരിൽ നിന്ന് ലഭിച്ചുവെന്നും ഗാലിബ്.

ഗാലിബ് ഗുരു

By

Published : Mar 5, 2019, 9:28 PM IST

ഇന്ത്യൻ പൗരനാണെന്നതിൽ അഭിമാനമുണ്ടെന്ന് പാർലമെന്‍റ് ആക്രമണക്കേസിൽ വധശിക്ഷ ലഭിച്ച അഫ്സൽ ഗുരുവിന്‍റെ മകൻ ഗാലിബ് ഗുരു. ആധാർ കാർഡ് സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇപ്പോള്‍ ഞാന്‍ ഇന്ത്യന്‍ പൗരനാണെന്ന തോന്നലുണ്ടായി. ഇനി വേണ്ടത് ഒരു പാസ്പോര്‍ട്ട് ആണ്. ഡോക്ടറാകുകയാണ് തന്‍റെ ലക്ഷ്യം. അതിനായി മെയ് അഞ്ചിന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസിന് തയ്യാറെടുക്കുകയാണിപ്പോൾ. ഇന്ത്യയിൽ വൈദ്യപഠനം സാധിച്ചില്ലെങ്കിലും തുർക്കിയിലെ ഒരു കോളജിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ചേക്കും. അതിനായാണ് പാസ്പോർട്ട് നേടാൻ ശ്രമിക്കുന്നതെന്നും ഗാലിബ് പറഞ്ഞു.

അച്ഛൻ മെഡിക്കൽ രംഗത്തെ ജോലി തുടർന്നില്ല, എന്നാൽ താനൊരു ഡോക്ടറാകണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. തനിക്കത് പൂർത്തിയാക്കണം. കശ്മീരിലെ ഭീകരരിൽ നിന്ന് തന്നെ സംരക്ഷിച്ച അമ്മയ്ക്കാണ് എല്ലാ അംഗീകാരവും നൽകേണ്ടത്.

സുരക്ഷാ സേനാംഗങ്ങളിൽ നിന്ന് തനിക്കിതുവരെ ഒരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല, മറിച്ച് പഠനം മുന്നോട്ട് കൊണ്ടുപോകാനുളള പ്രചോദനം അവരിൽ നിന്ന് ലഭിച്ചു. ഒരിക്കൽ പോലും വീട്ടിലോ വിദ്യാലയങ്ങളിലോ എത്തി അവർ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഗാലിബ് വ്യക്തമാക്കി. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ 'അഫ്സൽ ഗുരു' ആത്മഹത്യാ സ്ക്വാഡിലുളള ആദിൽ മുഹമ്മദ് പുൽവാമയിൽ നടത്തിയ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അഫ്സൽ ഗുരുവിന്‍റെ മകന്‍റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.

ABOUT THE AUTHOR

...view details