അഭ്യൂഹങ്ങൾക്ക് ഒടുവിൽ പ്രിയങ്കാ ഗാന്ധി വാരാണസിയിൽ മത്സരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥിയാകും. 2014ൽ വാരാണസിയിൽ മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായ്
നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ വാരാണസിയിൽ മത്സരിക്കുമെന്ന് പ്രിയങ്ക വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിൽ ഹൈക്കമാൻഡ് അനുകൂല നിലപാട് സ്വീകരിക്കുമെന്നായിരുന്നു സൂചനയുണ്ടായിരുന്നത്.
വിജയത്തിൽ പ്രതീക്ഷയില്ലെങ്കിലും പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിലൂടെ മറ്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മോദിയെ മാറ്റി നിർത്തി തളയ്ക്കാനാകുമെന്നും. കന്നി വോട്ടർമാരേയും സ്ത്രീവോട്ടർമാരേയും കൂടെ നിർത്തി ഭൂരിപക്ഷം കുറയ്ക്കാമെന്നുമായിരുന്നു പാർട്ടിയുടെ കണക്കൂകൂട്ടൽ.
മോദിയുടെ മണ്ഡലത്തിൽ പ്രിയങ്ക കൂടി എത്തിയാൽ തീപോറുന്ന പോരാട്ടം ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. 2014ൽ മോദിക്കെതിരെ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയത് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളായിരുന്നു. ഈ മാസം 29നാണ് വാരാണസിയിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാളെ നരേന്ദ്ര മോദി പത്രിക സമർപ്പിക്കും.