ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി വാദ്ര. സര്‍ക്കാറിനയച്ച കത്തിലാണ് കൊവിഡ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പട്ടെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചത്. വെള്ളിയാഴ്‌ച ഉത്തര്‍പ്രദേശില്‍ 2500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഒരുവിധം എല്ലാ മെട്രോ നഗരങ്ങളിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും ഗ്രാമങ്ങളും ഒട്ടും പിന്നിലല്ലെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ പറയുന്നു. സംസ്ഥാനത്തെ ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങള്‍ ദയനീയാവസ്ഥയിലാണ്. ചില സ്ഥലങ്ങളിലെ സാഹചര്യം വളരെ മോശമാണെന്നും കൊവിഡിനേക്കാള്‍ ആളുകള്‍ക്ക് ഭയം ഇത്തരം പ്രതികൂല സാഹചര്യങ്ങളെയാണെന്നും അതിനാല്‍ ആളുകള്‍ പരിശോധന നടത്താനായി വീടുകളില്‍ നിന്നിറങ്ങുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ഇത് സര്‍ക്കാരിന്‍റെ വലിയ പരാജയമാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പരിശോധനയില്ലെങ്കില്‍ കൊറോണ വൈറസ് ഇല്ലെന്ന സര്‍ക്കാര്‍ മന്ത്രം സംസ്ഥാനത്ത് കൊവിഡ് പരിശോധന നിരക്ക് കുറച്ചെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
യുപിയിലെ കൊവിഡ് വ്യാപനം; സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി - COVID-19
സര്‍ക്കാറിനയച്ച കത്തിലാണ് ഉത്തര്‍പ്രദേശിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തിയത്.
കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഇതിനനുസരിച്ച് പരിശോധന വര്‍ധിപ്പിക്കുന്നില്ലെന്നും ഇത് കൊവിഡിനെതിരായ പോരാട്ടത്തെ അപൂര്‍ണമാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വാരാണസിയില്‍ നിന്നുള്ള എംപിയായ പ്രധാനമന്ത്രി, ലക്‌നൗവില്‍ നിന്നുള്ള പ്രതിരോധ മന്ത്രി, മറ്റ് പല കേന്ദ്രമന്ത്രിമാരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. എങ്കിലും എന്തുകൊണ്ടാണ് വാരാണസി, ആഗ്ര, ലക്‌നൗ എന്നിവിടങ്ങളില്‍ ഇനിയും താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങാത്തതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. വെള്ളിയാഴ്‌ച 50 പേരാണ് കൊവിഡ് മൂലം യുപിയില്‍ മരിച്ചത്. 2667 പേര്‍ക്കാണ് പുതുതായി യുപിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.