ന്യൂഡല്‍ഹി: ജസ്റ്റിസ് എസ്.മുരളീധറിന്‍റെ സ്ഥലം മാറ്റം ഞെട്ടിപ്പിക്കുന്നതല്ല, മറിച്ച് ഖേദകരവും ലജ്ജാകരവുമാണെന്ന് പ്രിയങ്കാ ഗാന്ധി. വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ച ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലം മാറ്റത്തിനെതിരായി ട്വിറ്ററിലൂടെയാണ് പ്രിയങ്ക തന്‍റെ പ്രതിഷേധമറിയിച്ചത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. നീതിയെ കബളിപ്പിക്കാനും അവരുടെ വിശ്വാസം തകർക്കാനുമുള്ള സർക്കാർ ശ്രമങ്ങൾ അപലപനീയമാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
അർധരാത്രിയോടെയായിരുന്നു ജസ്റ്റിസ് എസ്.മുരളീധറിനെ ഡൽഹി ഹൈക്കോടതിയിൽ നിന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. 1984ലെ സിഖ് കലാപം പോലെയൊരു സാഹചര്യത്തിലേക്ക് ഡല്‍ഹി കലാപം മാറാന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് എസ്.മുരളീധര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാനും ഉത്തരവിട്ടിരുന്നു.