ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാൻ 1,000 ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. കുടിയേറ്റക്കാർക്ക് സുരക്ഷിതമായി വീടുകളിൽ എത്താൻ ബസുകൾ അനുവദിച്ചാൽ അതിന്‍റെ ചെലവ് കോൺഗ്രസ് വഹിക്കുമെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി തൊഴിലാളികളാണ് ഉത്തർ പ്രദേശിലേക്ക് തിരികെ എത്തുന്നത്. അവർക്കുള്ള ഒരു സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടില്ല. ഇതുവരെ 65 കുടിയേറ്റ തൊഴിലാളികളാണ് വിവിധ റോഡപകടങ്ങളിൽ മരിച്ചത്.
കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാൻ ബസുകൾ അനുവദിക്കണമെന്ന് പ്രിയങ്ക ഗാന്ധി
കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി വീടുകളിൽ എത്തിക്കാന്‍ ബസുകൾ അനുവദിച്ചാൽ അതിന്‍റെ ചെലവ് കോൺഗ്രസ് വഹിക്കുമെന്നറിയിച്ച് പ്രിയങ്ക ഗാന്ധി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു
പാവപ്പെട്ട കുടിയേറ്റക്കാരോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. അതിനായി ഗാസിപ്പൂർ അതിർത്തി, ഗാസിയാബാദ് എന്നിവിടങ്ങളിലേക്ക് 500 ബസുകളും, നോയിഡ അതിർത്തിയിലേക്ക് 500 ബസുകളും അനുവദിക്കണം. തൊഴിലാളികളെ സഹായിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിജ്ഞാബദ്ധരാണ്. ഈ ശ്രമത്തിൽ സർക്കാർ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിലൂടെ പ്രിയങ്ക ആവശ്യപ്പെട്ടു. അതേസമയം കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് പോകാൻ സുരക്ഷിതമല്ലാത്ത ഗതാഗത മാർഗങ്ങൾ സ്വീകരിക്കാൻ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ ജില്ലാ മജിസ്‌ട്രറ്റുമാരോടും കലക്‌ടർമാരോടും നിര്‍ദേശിച്ചു.