പ്രിയങ്ക ഇടപെട്ടു; ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി വിമാനമാര്‍ഗം ഡല്‍ഹി എയിംസിലെത്തി.
കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല സഹായഭ്യര്‍ത്ഥനയുമായി പ്രീയങ്കയെ സമീപിച്ചു
ന്യൂഡല്‍ഹി: അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇടപെട്ട് ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിച്ചു. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയായ രണ്ടരവയസ്സുകാരിയെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സ്വകാര്യ വിമാനത്തില്‍ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില ഗുരുതരമായതോടെയാണ് ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അര്‍ബുദം ബാധിച്ച് കമലാ നെഹ്‌റു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടര വയസുകാരിയെപ്പറ്റി പ്രിയങ്ക അറിയുന്നത്. പ്രയാഗ്‌രാജില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിവന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല വിവരം അറിഞ്ഞയുടന്‍ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോവാന്‍ പ്രിയങ്കയുടെ സഹായം തേടുകയായിരുന്നു. പ്രിയങ്ക ഉടന്‍ കുട്ടിയെയും കുടുംബാംഗങ്ങളെയും വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കാന്‍ പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി.
പ്രയാഗ്‌രാജില്‍ പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അസ്ഹറുദീന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കന്മാരും ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അനുഗമിച്ചു. പെണ്‍കുട്ടിയെ പ്രിയങ്ക പിന്നീട് ആശുപത്രിയില്‍ സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.