ന്യൂഡൽഹി:കാൺപൂർ ഏറ്റുമുട്ടൽ കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. കേസിലെ മുഖ്യപ്രതി വികാസ് ദുബെയെ ഉജ്ജൈയിനിൽ നിന്ന് അറസ്റ്റു ചെയ്തതിന് ശേഷമാണ് ആവശ്യവുമായി പ്രിയങ്ക രംഗത്തെത്തിയത്.
കാൺപൂർ ഏറ്റുമുട്ടൽ; കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി
കുറ്റവാളിയും ഉന്നതരും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിപ്പെടുത്തുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി.
കുറ്റവാളിയും ഉന്നതരും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിപ്പെടുത്തുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കാൺപൂരിലെ ഭീകരമായ കൊലപാതകങ്ങൾക്ക് ശേഷം, ഉത്തർ പ്രദേശ് സർക്കാർ സംസ്ഥാനത്തിന്‍റെ ക്രമസമാധാനനില പാലിക്കുന്നതിൽ പരാജയപ്പെട്ടതായി തെളിഞ്ഞു. കർശനമായ ജാഗ്രത നിർദേശങ്ങൾക്കിടയിലും പ്രതി ഉജ്ജൈനിൽ എത്തി. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇത് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും എല്ലാ വസ്തുതകളും വ്യക്തമാക്കണമെന്നും പ്രിയങ്കാ ഗാന്ധി ട്വീറ്റിൽ ആവശ്യപ്പെട്ടു.
രാവിലെ എട്ടുമണിയോടെ ഉജ്ജൈനിലെ ക്ഷേത്രത്തിലെത്തിയ വികാസ് ദുബെ തന്‍റെ ഐഡന്‍റിറ്റി സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും പൊലീസിനെ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. കാൺപൂരിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ പതിയിരുന്ന് കൊലപ്പെടുത്തിയതിന് ശേഷം ഒരാഴ്ചയോളം ദുബെ ഒളിവിലായിരുന്നു. വികാസ് ദുബെയുടെ അറസ്റ്റ് ഉത്തർപ്രദേശ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.