ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമർശിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ നടത്തുന്നതിലും, സമ്പർക്ക രോഗികളെ കണ്ടെത്തുന്നതിലും, റിപ്പോർട്ട് സമർപ്പിക്കുന്നതിലും സർക്കാർ അശ്രദ്ധ കാണിക്കുന്നതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു. പകർച്ചവ്യാധി തടയുന്നതിന് പകരം സംസ്ഥാന സർക്കാർ പ്രചാരണങ്ങളിൽ ഏർപ്പെടുകയാണ്. മൂന്ന് മാസത്തോളം ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സർക്കാരിന്‍റെ പ്രകടനങ്ങളും ഉണ്ടായിരുന്നിട്ടും ഈ മാസം ജില്ലകളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യുപി സർക്കാരിന് അശ്രദ്ധയെന്ന് പ്രിയങ്ക ഗാന്ധി - UP govt
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ നടത്തുന്നതിലും, സമ്പർക്ക രോഗികളെ കണ്ടെത്തുന്നതിലും, റിപ്പോർട്ട് സമർപ്പിക്കുന്നതിലും ഉത്തർപ്രദേശ് സർക്കാർ അശ്രദ്ധ കാണിക്കുന്നതായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
പ്രയാഗ്‌രാജിൽ കൊവിഡ് സ്ഥിരീകരിച്ച 70 ശതമാനം പേരും 48 മണിക്കൂറിനുള്ളിൽ മരിച്ചു. സംഭവത്തിൽ എല്ലാവരും ഭീതിയിലാണ്. ഈ സാഹചര്യത്തിൽ കർശനമായ മാർഗനിർദേശങ്ങൾ നൽകുകയും പരമാവധി പരിശോധനകൾ നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ 38 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ മരണം 1,084 ആയി ഉയർന്നു. 1,919 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 45,363 ആയി.