ന്യൂഡൽഹി: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സഹായിക്കുന്നതിന് പകരം യുപി സർക്കാർ രാഷ്‌ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനിഷ് കുമാർ അവസ്‌തിക്ക് അയച്ച കത്തിലൂടെയാണ് പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്.
യുപി സർക്കാർ രാഷ്‌ട്രീയം കളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി
പാവപ്പെട്ട അതിഥി തൊഴിലാളികളെ സഹായിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ ശ്രമിക്കുന്നില്ലെന്നും ഈ അവസരത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുറന്നടിച്ചു
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന നടപടികൾ രാഷ്‌ട്രീയ കളികളല്ലാതെ മറ്റൊന്നുമല്ല. അതായത്, സംസ്ഥാനത്തിന്‍റെ അതിർത്തി പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളല്ല സർക്കാർ സ്വീകരിക്കുന്നത്. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ 1000 ബസുകളുടെ രജിസ്‌ട്രേഷൻ നടപടികൾക്കായി അവ ലക്നൗവിൽ എത്തിക്കണമെന്ന യുപി സർക്കാരിന്‍റെ നിർദേശത്തിനെയും പ്രിയങ്കയുടെ സെക്രട്ടറി സന്ദീപ് സിംഗ് എഴുതിയ കത്തിൽ വിമർശിക്കുന്നുണ്ട്. നോയിഡ, ഗാസിയബാദ് അതിർത്തിയിലുള്ള ബസുകൾ രജിസ്ട്രേഷന് വേണ്ടി തലസ്ഥാന നഗരത്തിലെത്തുക എന്നത് പ്രായോഗികമല്ലെന്നും വിശപ്പും ചൂടും സഹിച്ച് കാൽനടയായി വീടുകളിലേക്ക് തിരിച്ച അതിഥി തൊഴിലാളികളെ ഒരു രീതിയിലും സർക്കാർ സഹായിക്കുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
ഉത്തർപ്രദേശ് ഗവൺമെന്‍റ് ഈ അവസരം രാഷ്ട്രീയമായി കളിക്കുകയാണ്. ടിവി പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞത് ബസുകളുടെ ലിസ്റ്റ് നൽകാൻ മൂന്ന് ദിവസങ്ങളായി ആവശ്യപ്പെടുന്നു എന്നാണ്. എന്നാൽ, തിങ്കളാഴ്‌ച വൈകുന്നേരം നാലു മണിക്കാണ് ഞങ്ങൾക്ക് ഈ വിവരം കൈമാറുന്നത് തന്നെ. സർക്കാരിന് അയച്ച മെയിലിൽ ബസുകളുടെയും ഡ്രൈവർമാരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തൊഴിലാളികളെ അവരുടെ ദേശത്തെത്തിക്കാനായി അനുമതി നൽകണമെന്നും പ്രിയങ്കാ ഗാന്ധി അഭ്യർഥിക്കുന്നു. ബസുകളുടെ വിവരങ്ങൾ സമർപ്പിക്കാത്തതിനും അതിഥി തൊഴിലാളികളുടെ വിഷയത്തിൽ നിസാര രാഷ്ട്രീയം കളിക്കാൻ പാർട്ടി ശ്രമിക്കുന്നുവെന്നും പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു.