ന്യൂഡൽഹി:കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. തന്നോട് അപമര്യദയായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്തിയറിയിച്ചാണ് പ്രിയങ്കയുടെ തീരുമാനം. പാർട്ടി വിട്ട വിവരം ട്വിറ്റർ പേജിലൂടെയാണ് പ്രിയങ്ക പങ്കുവെച്ചത്.
പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിട്ടു - Priyanka Chaturvedi Left Congress
വ്യക്തിപരമായി തന്നെ അധിക്ഷേപിച്ചവരെ പാർട്ടിയിൽ തിരിച്ചെടുത്തതാണ് കോൺഗ്രസ് വിടാൻ കാരണമെന്ന് പ്രിയങ്ക അറിയിച്ചു.
പാർട്ടിക്ക് വേണ്ടി താൻ ഒഴുക്കിയ വിയർപ്പിനും രക്തത്തിനും ഒരു വിലയും കൽപ്പിക്കാതെ ഇത്തരം സംസ്കാര ഹീനരോടൊപ്പമാണ് കോണ്‍ഗ്രസ് പാർട്ടി നിൽക്കുന്നതെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ''പാർട്ടിക്കു വേണ്ടി നിരവധി വിമർശനങ്ങളും മാനസിക പീഡനവും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ എന്നെ ഭീഷണിപ്പെടുത്തിയവർ ഒരു പ്രശ്നവും കൂടാതെ പാർട്ടിയിൽ ഇപ്പോഴും തുടരുന്നത് തീർത്തും ദൗർഭാഗ്യകരമാണ്'', പ്രിയങ്ക കുറിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മഥുരയിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ പ്രിയങ്കയോട് മോശമായി പെരുമാറിയ ചില പാർട്ടി നേതാക്കളെ സംസ്ഥാന നേതൃത്വം പുറത്താക്കിയിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഇവരെ വീണ്ടും തിരിച്ചെടുക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക പാർട്ടി വിടാൻ തീരുമാനിച്ചത്. ശിവസേനയിലേക്കാണ് പ്രിയങ്കയുടെ ചുവടുമാറ്റമെന്നാണ് സൂചന.