കശ്മീരിൽ നിക്ഷേപം നടത്താൻ വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി - കശ്മീരിൽ വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി
അബുദാബിയിൽ വ്യവസായികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പരാമർശം
ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിക്ഷേപം നടത്താൻ പ്രവാസി വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അബുദാബിയിൽ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ ക്ഷണം. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബറിൽ ബിസിനസ് സംഗമം നടത്തും. കശ്മീരിലെ വികസനം രാജ്യത്തിന്‍റെ വികസനത്തിനും മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി അബുദാബിയില്‍ പറഞ്ഞു. ജമ്മു കശ്‌മീരിലെ യുവാക്കൾക്ക് തൊഴില്‍ ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കേണ്ടത്. ജമ്മു കശ്മീരിലും ലഡാക്കിലും നിലവിലുള്ളത് വ്യവസായികളെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷമാണെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം, കശ്മീർ വിഷയത്തിൽ യുഎഇ സ്വീകരിച്ച നിലപാടിന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു. കശ്മീരിലെ നീക്കങ്ങളെ ആഭ്യന്തര വിഷയമെന്ന് വിശേഷിപ്പിച്ച രാജ്യങ്ങളിലൊന്നാണ് യുഎഇ.