ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ. വിദ്യാഭ്യാസ മന്ത്രാലയം എന്നാണ് മന്ത്രാലയത്തെ പുനർനാമകരണം ചെയ്തത്. തീരുമാനത്തിന് രാഷ്‌ട്രപതി അംഗീകാരം നൽകി. ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് 14ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് മന്ത്രാലയത്തിന്‍റെ പേരുമാറ്റത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ പേരുമാറ്റിക്കൊണ്ടുള്ള തീരുമാനത്തിന് ജൂലൈ അവസാനം കേന്ദ്ര മന്ത്രിസഭയും അംഗീകാരം നൽകിയിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻഇപി) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതും ജൂലൈ 29ന് തന്നെയായിരുന്നു. എൻഇപിയിലും മന്ത്രാലയത്തിന്‍റെ പേരുമാറ്റത്തിനായി നിർദേശമുണ്ടായിരുന്നു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയെന്ന സ്ഥാനം ഇതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെന്നായി മാറും. രമേശ് പൊക്രിയാലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. ഓഗസ്റ്റ് ആദ്യവാരത്തോടെ രമേശ് പൊക്രിയാലിന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മാനവ വിഭവശേഷി മന്ത്രി എന്നതിന് പകരം വിദ്യാഭ്യാസ മന്ത്രി എന്ന് ചേർക്കാനാരംഭിച്ചിരുന്നു. മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലും മിനിസ്‌ട്രി ഓഫ് എജുക്കേഷൻ എന്ന് മാറ്റിയിരുന്നു.
1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തെ എച്ച്ആർഡി മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് 1992ൽ ഭേദഗതി വരുത്തുകയും ചെയ്തു. അന്ന് പി.വി നരസിംഹറാവു ആയിരുന്നു രാജീവ് ഗാന്ധി മന്ത്രിസഭയിലെ ആദ്യത്തെ എച്ച്ആർഡി മന്ത്രി. മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള പാനൽ മന്ത്രാലയത്തിന്‍റെ പേര് വീണ്ടും മാറ്റണമെന്ന് ആദ്യം നിർദേശിച്ചിരുന്നു. 2018 ൽ ഇന്ദിരാഗാന്ധി നാഷണൽ സെന്‍റര്‍ ഫോർ ആർട്സ് ചെയർമാനും അക്കാദമിക് ലീഡർഷിപ്പ് ഓൺ എഡ്യൂക്കേഷൻ സംയുക്ത സംഘാടക സമിതി ചെയർമാനുമായ രാം ബഹാദൂർ റായിയും ഈ ആശയം ഉന്നയിച്ചിരുന്നു.