പാറ്റ്ന: ദേശീയ പൗരത്വ ബില്‍ ഭേദഗതിയെ പിന്തുണച്ച ജനതാ ദള്‍ (യു) നിലപാടില്‍ അസംതൃപ്‌തി അറിയിച്ച് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് പ്രശാന്ത് കിഷോര്‍. മതത്തിന്‍റെ പേരില്‍ ജനങ്ങള്‍ വിവേചനം നേരിടേണ്ട സാഹചര്യത്തിലേക്കാണ് ബില്‍ വഴിവെക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു.
ലോക്‌സഭയില്‍ ബില്‍ പാസായ തിങ്കളാഴ്ച രാത്രി ട്വീറ്ററിലൂടെയാണ് പ്രശാന്ത് കിഷോര്‍ നിലപാടറിയച്ചത്. ബില്ലിനെ ജെഡിയു എംപിമാരടക്കം 311 പേര്‍ ബില്ലിനെ പിന്തുണച്ചിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ 80 പേര്‍ ബില്ലിനെതിരെ വോട്ട് ചെയ്‌തു.
ലോക്‌സഭയിലെ പാര്‍ട്ടി നിലപാട് നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയുവിന്‍റെ ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും, പാര്‍ട്ടിയുടേത് മതേതരത്വത്തിലൂന്നിയ ഗാന്ധിയന്‍ നിലപാടാണെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി നിലപാട് നിരാശാജനകമാണന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.