ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി (84) അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ അഭിജിത്ത് മുഖര്‍ജിയാണ് മരണവിവരം അറിയിച്ചത്. മസ്തിഷ്ക ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വെന്‍റിലേറ്ററിലായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. ചികിത്സയിലിരിക്കെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാരുടെ സംഘം അറിയിച്ചിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയും എ.ഐ.സി.സി. അംഗവുമായിരുന്ന കമദ കിങ്കർ മുഖർജിയുടെയും രാജ്‌ലക്ഷ്‌മി മുഖര്‍ജിയുടെയും മകനായി 1935 ഡിസംബര്‍ 11ന് പശ്ചിമ ബംഗാളിലെ മിറാതി ഗ്രാമത്തില്‍ ജനനം. സുരി വിദ്യാസാഗര്‍ കോളജില്‍ നിന്നും ബിരുദം സ്വന്തമാക്കി. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും രാഷ്ട്രതന്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം. തുടര്‍ന്ന് കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദവും സ്വന്തമക്കി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ യു.ഡി ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കൊല്‍ക്കത്ത വിദ്യാസാഗര്‍ കോളജില്‍ രാഷ്ട്രമീംമാസയില്‍ അസി. പ്രൊഫസറായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്തിരുന്നു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. 1969ലെ തെരഞ്ഞെടുപ്പിൽ പശ്ചിമ മിഡ്‌നാപുരിൽ വി.കെ. കൃഷ്ണമേനോന്‍റെ ഇലക്ഷൻ ഏജന്‍റായി പ്രവർത്തിച്ചു കൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം. തെരഞ്ഞെടുപ്പിലെ വൻ വിജയത്തെ തുടർന്നിങ്ങോട്ട് ഇന്ദിരാ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും സഹചാരിയുമായി മാറി. 1969ൽ രാജ്യസഭാംഗമായി പാർലമെന്‍റിലേക്ക്. 1973ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായി ചുമതലയേറ്റു. പിന്നീട് ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ ധനമന്ത്രിയായി. ഇതിനിടെ കേന്ദ്രസർക്കാരിൽ മാത്രമല്ല കോൺഗ്രസിന്‍റെയും രാഷ്ട്രീയ നയരൂപീകരണത്തിന്‍റ മുഖ്യസൂത്രധാരനായി. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയുടെ കൂടെ ഉറച്ചു നിന്ന് കോണ്‍ഗ്രസിനോട് കൂറുകാട്ടി. 1982-1984 കാലത്ത് വീണ്ടും ഇന്ത്യയുടെ ധനമന്ത്രി. 1980-1985 സമയത്ത് രാജ്യസഭയിലെ അധ്യക്ഷസ്ഥാനവും പ്രണബ് മുഖര്‍ജിയെന്ന 1.6 സെ.മി ഉയരക്കാരനെ തേടിയെത്തി. ഇന്ദിരയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസിൽ നിന്നു തെറ്റി പിരിഞ്ഞു രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ് എന്നൊരു പാർട്ടി രൂപീകരിച്ചു. എന്നാല്‍ വീണ്ടും തിരിച്ചു വന്ന് രാജീവുമായി സന്ധി ചേർന്നു. നരസിംഹ റാവു കാലത്ത് ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായി വീണ്ടും അധികാര സ്ഥാനത്തെത്തി.
രാജീവ് ഗാന്ധിയുടെ മരണ ശേഷം സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് കൊണ്ടു വന്നതിന് പിന്നിലെ ബുദ്ധി കേന്ദ്രവും പ്രണബ് മുഖര്‍ജിയുടേതായിരുന്നു. 2004 ലെ ഒന്നാം യുപിഎയിലെ മന്ത്രിസ്ഥാനം മുതൽ 2012ൽ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ സ്ഥാനം രാജിവെക്കും വരെ മൻമോഹൻ മന്ത്രി സഭകളിലെ രണ്ടാമനായിരുന്നു പ്രണബ്. നെഹ്റു കുടുംബം കഴിഞ്ഞാൽ കോണ്‍ഗ്രസിലെ ഏറ്റവും വലിയ കമാന്‍റിങ് പവറായി മാറി. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം തുടങ്ങി സുപ്രധാന പദവികൾ വഹിച്ച പാർലിമെന്‍ററി രാഷ്ട്രീയ ചരിത്രം. മകൻ അഭിജിത് മുഖർജിയെ പശ്ചിമ ബംഗാളില്‍ നിന്നും കോണ്‍ഗ്രസ് പാനലില്‍ മത്സരിപ്പിച്ച് എം.എല്‍.എ സ്ഥാനത്ത് എത്തിച്ചു. അങ്ങനെ പിതാവില്‍ തുടങ്ങിയ കോണ്‍ഗ്രസ് ജീവിതം അടുത്ത തലമുറയിലേക്കും പകര്‍ന്നു. കൊവിഡ് മഹാമാരിയോട് ദിവസങ്ങള്‍ നീണ്ട യുദ്ധം ചെയ്‌ത് ഒടുവില്‍ അദ്ദേഹം കാലത്തിന് കീഴടങ്ങി.