ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര വിദഗ്ധ സമിതി. കഴിഞ്ഞ മൂന്നാഴ്ചയായി രാജ്യത്ത് രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു. തണുപ്പ് കാലമാകുന്നതോടെ രോഗ വ്യാപനം ഉയരാൻ സാധ്യത കൂടുതലാണ്. കൊവിഡ് വാക്‌സിൻ കണ്ടുപിടിച്ചാല്‍ ഉടൻ തന്നെ രാജ്യത്ത് ലഭ്യമാക്കാനുള്ള എല്ലാവിധ ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് വാക്‌സിൻ അഡ്മിനിസ്ട്രേഷൻ വിദഗ്‌ധ സമിതിയുടെ തലവനാണ് പോൾ.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്ന് ആഴ്ചയായി രോഗികളുടെ എണ്ണത്തിലും മരണത്തിലും ഗണ്യമായ കുറവ് വരുന്നുണ്ട്. കേരള, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മൂന്നോ നാലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം വ്യാപനം നിലവില്‍ കൂടുതലായുള്ളത്. രോഗ പ്രതിരോധത്തില്‍ ഇന്ത്യ മികച്ച രീതിയിലാണെങ്കിലും രാജ്യത്തെ 90 ശതമാനം ആളുകളിലും അണുബാധയ്ക്ക് സാധ്യതയുണ്ട്. യൂറോപ്യൻ രാജ്യങ്ങളില്‍ ശൈത്യകാലമായതോടെ കൊവിഡ് വ്യാപനം വീണ്ടും ഉയർന്നതോടെ ഇന്ത്യയിലും ഇതേ സാധ്യത തള്ളികളയാനാകില്ലെന്നും വൈറസിനെക്കുറിച്ച് പഠനം നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.