ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാകി നിൽക്കെ അനധികൃത കേന്ദ്രങ്ങളിലേക്ക് കടത്തുന്ന ഇവിഎമ്മുകളുടെ നിരവധി ദൃശ്യങ്ങൾ സ്വകാര്യ ചാനൽ പുറത്തു വിട്ടിരുന്നു.
പഞ്ചാബ്, ഹരിയാന, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. എന്നാൽ യന്ത്രങ്ങളുടെ സുരക്ഷയില്‍ സംശയം വേണ്ടെന്ന് കമ്മിഷൻ പ്രതികരിച്ചു. ചാനലുകളിൽ കാണിക്കുന്ന വീഡിയോയിലുള്ള ഇവിഎമ്മുകൾ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചതല്ലെന്നും കമ്മിഷൻ പറഞ്ഞു.
അഞ്ച് വിവിപാറ്റുകൾ എണ്ണാൻ സുപ്രീം കോടതി അനുവാദം നൽകിയിട്ടുണ്ട്. വോട്ടിങ് മെഷിനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വിവി പാറ്റിന് പ്രാധാന്യം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ വിവി പാറ്റുകളും എണ്ണണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മിഷനെ കണ്ടത്.