സ്‌ഫോടക വസ്‌തു നിറച്ച കെണിയിൽ അകപ്പെട്ട് ചരിഞ്ഞ ഗർഭിണിയായ കാട്ടാനയുടെ ദാരുണാന്ത്യത്തിൽ പ്രതിഷേധവുമായി പ്രമുഖർ. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവും എംപിയുമായ മനേക ഗാന്ധി, കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ, ബിജെപി എംപി ശോഭ കരന്ദ്‌ലജെ, രാജ്യസഭാംഗവും കോൺഗ്രസ് നേതാവുമായ അഭിഷേക് സിംഗ്‌വി, ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് തുടങ്ങി നിരവധി പേർ പ്രതിഷേധവുമായി രംഗത്ത് എത്തി. "ഗർഭിണിയായ ആനക്ക് പൈനാപ്പിളിൽ വെടിമരുന്ന് നൽകി, ക്രൂരമായി കൊന്നു." ഇതിലെ പ്രതികൾക്കെതിരെ കേരള സർക്കാർ ഉറപ്പായും നടപടിയെടുത്തുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുന്നതിലെ തങ്ങളുടെ സല്‍പ്പേര് സംരക്ഷിക്കണമെന്നാണ് ശശി തരൂർ എംപി ട്വിറ്ററിൽ കുറിച്ചത്.
"മൃഗങ്ങളോട് അതിക്രൂരമായാണ് മലപ്പുറം പലപ്പോഴും പെരുമാറുന്നത്. ഇത്തരം പൈശാചിക പ്രവൃത്തികൾ ചെയ്യുന്ന ഘാതകർക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല." അതിനാൽ തന്നെ ഇപ്പോഴും നീചകൃത്യങ്ങൾ തുടരുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവും എംപിയുമായ മനേകാ ഗാന്ധി പറഞ്ഞു. ഇതിനെതിരെ, ഇമെയിൽ വഴിയും മറ്റും, എല്ലാവരും പ്രതികരണം രേഖപ്പെടുത്താനും അവർ ട്വിറ്ററിലൂടെ അറിയിക്കുന്നുണ്ട്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ, ബിജെപി എംപി ശോഭ കരന്ദ്‌ലജെ പ്രതികരിച്ചത്, 100 ശതമാനം സാക്ഷരതാ നിരക്കുള്ള കേരളത്തിൽ നിന്നും മാനുഷികരഹിതമായ വാർത്തകളാണ് വരുന്നത് എന്നാണ്. സംസ്ഥാനം മുഴുവനും ഗുണ്ടകളാണ് എന്നും ചുവപ്പ് തിളക്കുന്ന മലപ്പുറത്ത് നിന്നാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യമെന്നും അവർ കൂട്ടിച്ചേർത്തു.