ചെന്നൈ: പൊള്ളാച്ചി പീഡനക്കേസില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം തുടരുന്നു. മധുര, കോയമ്പത്തൂര്‍, തഞ്ചാവൂര്‍, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ കോളേജ് വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു. കോയമ്പത്തൂര്‍ ഡിണ്ടിഗല്‍ ദേശീയപാതയില്‍ ഒന്നര മണിക്കൂറോളമാണ് ഗതാഗതം മുടങ്ങിയത്. കേസ് നടപടിക്രമങ്ങളിലെ ഗുരുതരമായ വീഴ്ചകളും പ്രതിഷേധം ആളിക്കത്തിക്കുകയാണ്. വേണ്ടി വന്നാല്‍ ജെല്ലിക്കെട്ട് പ്രക്ഷോഭം പോലെ മറീനാ ബീച്ചിലേക്കെത്താനും നവമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്.
പൊള്ളാച്ചി പീഡനക്കേസ്; പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തണം, തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുന്നു
മധുര, കോയമ്പത്തൂര്‍, തഞ്ചാവൂര്‍, ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ കോളേജ് വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചു. കോയമ്പത്തൂര്‍ ഡിണ്ടിഗല്‍ ദേശീയപാതയില്‍ ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി.
അതേസമയം ആരോപണവിധേയരായ എംഎല്‍എമാരുടെ മക്കളെ ചോദ്യം ചെയ്യാനുള്ള നടപടി വനിതാകമ്മീഷന്‍ തുടങ്ങി. മന്ത്രി എസ് പി വേലുമണി, പൊള്ളാച്ചി എംഎല്‍എ എന്‍ ജയരാമന്‍ എന്നിവരുടെ മക്കളെ തമിഴ്നാട് വനിതാ കമ്മീഷന്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ക്ക് അണ്ണാഡിഎംകെ സംരക്ഷണം നല്‍കുന്നുവെന്ന ആരോപണം മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. അണ്ണാഡിഎംകെ യുവജനവിഭാഗം നേതാവ് നാഗരാജ് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ കുടുംബത്തെ മര്‍ദ്ദിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടി. കേസ് സിബിഐക്ക് കൈമാറിയുള്ള ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവില്‍ പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചതും വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളുകയും ചെയ്തു.
പെണ്‍കുട്ടികളെ പൂട്ടിയിട്ട് പീഡിപ്പിച്ച ആനമലയിലെ ഫാംഹൗസിലെത്തി സിബിഐ പരിശോധന നടത്തി. പ്രതികളുടെ വീടുകളിലും തെരച്ചില്‍ നടത്തിയിരുന്നു. തെരച്ചിലില്‍ ചില പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്ക്കുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ പക്കല്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയില്‍ എം കെ സ്റ്റാലിന്‍റെ മരുമകന്‍ ശബരീശനെതിരെ പൊലീസ് കേസെടുത്തു.