കേരളം

kerala

ETV Bharat / bharat

വിവാദ പ്രസംഗം: മേനക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

തെരഞ്ഞെടുപ്പിന് ശേഷം പരിഗണന നല്‍കേണ്ട വോട്ടര്‍മാരെ എബിസിഡി എന്നിങ്ങനെ തരംതിരിച്ച് നടത്തിയ പ്രസംഗത്തിലാണ് താക്കീത്.

മേനക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

By

Published : Apr 29, 2019, 6:01 PM IST

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ടര്‍മാരെ എബിസിഡി എന്നിങ്ങനെ തരംതിരിച്ച് പ്രസംഗിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. അച്ചടക്ക ലംഘനം ഇനി ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മേനകയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍റെ നടപടി. 80 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ആനുകൂലമായ ഗ്രാമങ്ങളെ എ വിഭാഗത്തിലും 60 ശതമാനം ലഭിക്കുന്ന ഗ്രാമങ്ങളെ ബി വിഭാഗത്തിലും 50 ശതമാനമെങ്കില്‍ സി, 30 ശതമാനത്തില്‍ താഴെയെങ്കില്‍ ഡി എന്നിങ്ങനെ തരംതിരിച്ചതാണ് വിവാദത്തിലായത്. താന്‍ വിജയിച്ച ശേഷം ഈ കണക്ക് അനുസരിച്ചാകും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുകയെന്നും മേനക വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ തന്‍റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് വ്യക്തമാക്കി മേനക രംഗത്തെത്തിയിരുന്നു.

നേരത്തേ മുസ്ലീങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. മുസ്ലീങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കില്ലെന്ന പരാമര്‍ശത്തില്‍ മേനകയെ പ്രചരണത്തില്‍ നിന്നും രണ്ട് ദിവസത്തേക്ക് വിലക്കിയിരുന്നു. പിലിഭട്ടില്‍ നിന്നുള്ള എംപിയായ മേനക ഗാന്ധി ഇത്തവണ വരുണ്‍ഗാന്ധിയുടെ സിറ്റിങ് സീറ്റായ സുല്‍ത്താന്‍പൂരില്‍ നിന്നാണ് മത്സരിക്കുന്നത്.

ABOUT THE AUTHOR

...view details