കൊൽക്കത്ത:പശ്ചിമ ബംഗാളിലെ രണ്ട് സ്ഥലങ്ങളിൽ ജനക്കൂട്ടവുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ഹൂഗ്ലി, സൗത്ത് 24 പർഗാനാസ് ജില്ലകളിൽ നടന്ന അക്രമത്തിൽ ഏഴ് നാട്ടുകാർക്കും പരിക്കേറ്റു. ഏറ്റുമുട്ടലിൽ പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ആളുകൾ സമീപത്തെ കടകൾ കൊള്ളയടിക്കുകയും ചെയ്തു. രണ്ട് പ്രദേശങ്ങളിൽ നിന്നുമായി 72 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അക്രമങ്ങൾക്ക് പിന്നില്‍ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകരാണെന്ന് പ്രതിപക്ഷ പാർട്ടിയായ ബിജെപി ആരോപിച്ചു. സംഭവങ്ങളിൽ ജഗദീപ് ധൻഖർ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ അക്രമങ്ങൾക്ക് പിന്നില്‍ ബിജെപിയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ഹൂഗ്ലി ജില്ലയിലെ തെലിനിപാറയിൽ ലോക്ക് ഡൗണിനിടെ രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ഏഴ് പ്രദേശവാസികൾക്കും പരിക്കേറ്റു. നിരവധി കടകൾ കൊള്ളയടിക്കപ്പെട്ടതായി ചന്ദനഗർ പൊലീസ് കമ്മിഷണറേറ്റ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.
ഒരു ഗ്രൂപ്പിലെ അംഗത്തെ മറ്റൊരു ഗ്രൂപ്പിലെ അംഗം "കൊറോണ" എന്ന് അഭിസംബോധന ചെയ്തതിനെ തുടർന്നാണ് തെലിനിപാറയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് മെയ് 17 വൈകിട്ട് ആറ് മണി വരെ ഹൂഗ്ലി ജില്ലയിലെ ചന്ദനഗർ, ശ്രെറാംപൂർ സബ് ഡിവിഷനിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബറൂയിപൂർ പ്രദേശത്ത് നടന്ന മറ്റൊരു സംഭവത്തിൽ, ചായക്കയിൽ തടിച്ചുകൂടിയ ആളുകളോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെട്ടപ്പോൾ സബ് ഇൻസ്പെക്ടറെയും നാല് സിവിൽ വോളന്‍റിയർമാരെയും ജനക്കൂട്ടം മർദ്ദിക്കുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.