മുംബൈ:ഭീകരവാദം അവസാനിപ്പിക്കാൻ പാകിസ്ഥാൻ അധിനിവേശ കശ്മീർ ഇന്ത്യയ്ക്ക് കൈമാറണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. കരസേനാ മേധാവി എംഎം നരവാനെയുടെ സമീപകാല നടപടികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം അവസാനിപ്പിക്കാൻ പാകിസ്ഥാൻ അധിനിവേശ കശ്മീർ തങ്ങള്‍ക്ക് കൈമാറണമെന്ന് താന്‍ പലതവണ പാർലമെന്‍റില്‍ ഉന്നയിച്ചിരുന്നു. തീരുമാനമായില്ലെങ്കില്‍ യുദ്ധത്തിലൂടെ ഇന്ത്യയുമായി യോജിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി ഉത്തരവ് ലഭിക്കുകയാണെങ്കില്‍ കശ്മീര്‍ വീണ്ടെടുക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ശനിയാഴ്ച കരസേനാ മേധാവി മനോജ് മുകുന്ദ് നാരവ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അത്തേവാലയുടെ പ്രസ്താവന. കശ്മീര്‍ പ്രദേശം മുഴുവനും ഇന്ത്യയുടെ ഭാഗമാണെന്ന് പാര്‍ലമെന്‍ററി പ്രമേയമുണ്ട്. മുഴുവനും കൈക്കലാക്കാനുള്ള ഉത്തരവുകള്‍ പ്രാബല്യത്തിലാവുമ്പോള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കരസേനാ മേധാവി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
പ്രധാന മന്ത്രി നരേന്ദ്ര മോദി ഡോ.ബി ആർ അംബേദ്കറുടെ പാത പിന്തുടർന്ന് എല്ലാ മതത്തെയും ജാതിയെയും ഒന്നിപ്പിക്കാൻ പ്രവര്‍ത്തിക്കുമെന്ന് അതെവാലെ പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും(സിഎഎ)ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരല്ല.
ഇക്കാര്യത്തിൽ മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനത്ത് നിയമം നടപ്പാക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. ജനുവരി 5ന് ജെഎൻയുവിൽ നടന്ന അക്രമത്തെ അദ്ദേഹം അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.